antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

സ്വയം തിരുത്തേണ്ട സ്ത്രീനിലപാടുകള്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സ്വയം തിരുത്തേണ്ട സ്ത്രീനിലപാടുകള്‍

റസിയ ചാലക്കല്‍
Published on Monday, March 09 2015
img

(www.uppalavisionnews.com) ‘തങ്കത്താലിയും തങ്കക്കൊലുസും പളപളാമിന്നുന്ന കുപ്പായവും ചുവന്നു നില്‍ക്കുന്ന മൈലാഞ്ചിയും രാജകുമാരനെപ്പോലെ പുതുമണവാളന്‍ അണയുന്നതുമാണ് ജീവിതത്തിന്‍െറ ലക്ഷ്യമെന്ന് പെണ്‍മനസ്സുകളെ പറഞ്ഞുപഠിപ്പിച്ച് തലമുറകളായി ആ ഒരു സ്വപ്നംമാത്രം സമൂഹത്തിന്‍െറ തലച്ചോറിലേക്ക് കുത്തിവെച്ച് വിലയില്ലാതാക്കി കളഞ്ഞുവല്ളോ പെണ്ണിന്‍െറ മറ്റുചിന്തകള്‍ക്കെല്ലാം’ സുഹൃത്ത് ശബ്ന സുമയ്യയുടെ ഫേസ്ബുക് പോസ്റ്റിലെ ഈവരികളില്‍ കണ്ട സ്ത്രീ ശാക്തീകരണത്തിന്‍െറ പിന്നാമ്പുറങ്ങളിലേക്കുള്ള എത്തിനോട്ടമാണ് വനിതാദിന ചിന്തയായി സമര്‍പ്പിക്കാന്‍ തോന്നിയത്.
സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയുകയും ചിന്തകള്‍കൊണ്ട് അതിനെ സമ്പന്നമാക്കുകയും കര്‍മങ്ങളാല്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് സ്ത്രീപുരുഷ ഭേദമന്യേ ഏവരും അംഗീകരിക്കപ്പെടുക. അതിന്‍െറ അനിവാര്യതയായ കൃത്യമായ ജീവിതവീക്ഷണവും ലക്ഷ്യവും സ്ത്രീകളുടെ ചിന്താമണ്ഡലത്തിന് അന്യവും അപ്രാപ്യവുമാകുമ്പോഴാണ് ശാക്തീകരണത്തിന്‍െറ മാര്‍ഗത്തില്‍ വിഘ്നങ്ങളുണ്ടാകുന്നത്. തത്ഫലമായി മറ്റുള്ളവരാല്‍ തരംതാഴ്ത്തപ്പെടുന്നതിനേക്കാള്‍ അപകടകരമായ അപചയം അവള്‍ക്ക് സംഭവിക്കുന്നു. സ്വയം തരംതാഴുക എന്ന അപചയം. അതുകൊണ്ടാണ് വനിതാദിനങ്ങള്‍ അനവധി കഴിഞ്ഞിട്ടും സ്ത്രീയുടെ വിലാപകാവ്യത്തിന് അറുതി വരാത്തത്. എല്ലാ അര്‍ഥത്തിലും കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും മുഖ്യധാരയിലേക്ക് എത്തിപ്പെടാനുള്ള എന്ത് ശ്രമമാണ് സ്ത്രീയുടെയും അവളുടെ സംരക്ഷകരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് ചിന്തിക്കുന്നത് കരണീയമാണ്.
വിദ്യാഭ്യാസ-തൊഴില്‍രംഗങ്ങളില്‍ പുരുഷനെ മറികടക്കുന്നുണ്ടവള്‍ എന്ന് നമുക്കാശ്വസിക്കാം. തെങ്ങിന്‍െറ ഉയരവും ആകാശത്തിന്‍െറ അനന്തതയും കീഴടക്കാന്‍ പ്രാപ്തിയുള്ള ചിലരെങ്കിലും പെണ്‍വര്‍ഗത്തിലുണ്ടെന്ന് അഭിമാനിക്കാം. എന്നാല്‍, ഇവയൊന്നും സ്ത്രീയുടെ പൊതുവായ വളര്‍ച്ചയുടെ പ്രതിഫലനമായി കാണാന്‍കഴിയില്ല. തികച്ചും വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമാണ് അവയില്‍ പലതും. ചിന്തയിലും വീക്ഷണത്തിലും വ്യക്തിത്വവികാസത്തിലും പുരുഷനോടൊപ്പമത്തൊന്‍ എത്രശതമാനം സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്.
ജീവിതത്തിന്‍െറ ആത്യന്തിക ലക്ഷ്യം വിവാഹവും ധര്‍മം പുരുഷന് വഴിപ്പെടലുമാണെന്ന സങ്കല്‍പങ്ങള്‍കൊണ്ട് മസ്തിഷ്ക പ്രക്ഷാളനം നടത്തിയിട്ടാണ് പെണ്‍കുട്ടികളെ വളര്‍ത്തുന്നത്.
കഴിവോ, അഭിരുചിയോ പരിഗണിക്കാതെയാണ് പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും തീരുമാനിക്കപ്പെടുന്നത് എന്നതുതന്നെ ചെറുപ്പം മുതല്‍ അവളഭ്യസിക്കുന്നത് മേല്‍പറഞ്ഞ വിധേയത്വത്തിന്‍െറ പാഠങ്ങളാണ് എന്നതിന്‍െറ തെളിവാണ്. ലക്ഷങ്ങള്‍ മുടക്കി പ്രഫഷനല്‍ കോഴ്സുകള്‍ അടക്കമുള്ള ഉപരിപഠന മേഖലകളില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നവരില്‍ പലരും വിവാഹമാര്‍ക്കറ്റുകളില്‍ നല്ളൊരു ഉരുപ്പടിയായി യോഗ്യത നേടുന്നതോടെ, കോഴ്സും സീറ്റും പാതിവഴിയിലുപേക്ഷിച്ച് സ്ഥാപനത്തിനും സമൂഹത്തിനും വമ്പിച്ച നഷ്ടം വരുത്തി പടിയിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവരിലുമുണ്ട് നികുതിപണത്തിന്‍െറ ആനുകൂല്യത്തോടെ നേടിയ അറിവിനെ പ്രയോജനപ്പെടുത്താനുള്ള സാമൂഹിക പ്രതിബദ്ധത കാണിക്കാത്തവര്‍.
കുട്ടികളുടെ ടാലന്‍റും താല്‍പര്യവും സാഹചര്യവും പരിഗണിക്കാതെ വിദ്യാഭ്യാസ സാധ്യതകള്‍ ആരായുന്ന രക്ഷിതാക്കള്‍ ഉന്നംവെക്കുന്നത് വിവാഹ മാര്‍ക്കറ്റ് തന്നെ. പെണ്‍കുട്ടികളുടെ സര്‍ഗാത്മക അഭിരുചികളെവരെ തല്ലിക്കൊന്നിട്ടാണ് ഈ വിദ്യാഭ്യാസ പ്രഹസനം എന്നോര്‍ക്കുക. ജീവിതത്തിന്‍െറ ആത്യന്തിക ലക്ഷ്യം വിവാഹം മാത്രമാകുമ്പോള്‍ ലോകം അലങ്കാര-ആര്‍ഭാടങ്ങളുടേത് മാത്രമായി പരിണമിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. അവളുടെ ശ്രമവും ശ്രദ്ധയും ആടയാഭരണങ്ങളുടെ പകിട്ട് നോക്കലും മാറ്റുകൂട്ടലും മാത്രമാകുന്നതില്‍ തെറ്റുപറയാനാകില്ല. വ്യക്തിത്വവികാസത്തിന്‍െറ വിശാല തലങ്ങളിലേക്ക് രംഗപ്രവേശം ചെയ്യാന്‍ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ സാധിക്കാത്തവിധം നീര്‍ക്കുമിള കണക്കെ നൈമിഷികതയില്‍ ബന്ധനസ്ഥയാക്കപ്പെടുന്നു.
സല്‍ഗുണ സവിഷേഷതകളാല്‍ സമ്പന്നമായ ഒരുയുഗത്തിന്‍െറ പിറവിക്ക് താരാട്ടുപാടേണ്ട മാതൃഹൃദയം അപക്വമായ ചിന്തകളാല്‍ സങ്കുചിതമാകുന്നതും അതുകൊണ്ടാണ്. സൗന്ദര്യസങ്കല്‍പ പൂര്‍ത്തീകരണത്തിനായി സമയവും അധ്വാനവും മാറ്റിവെക്കുന്ന അവള്‍ ഒരു തലമുറയുടെതന്നെ സാംസ്കാരിക വളര്‍ച്ചയെ പിറകോട്ട് വലിക്കുന്നു. എത്രഗുരുതരവും മാപ്പര്‍ഹിക്കാത്തതുമായ അപരാധമാണ് ഇത്തരം സ്ത്രീകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഓര്‍ക്കുക! സ്ത്രീ ഒരു വ്യക്തിയല്ല; ഒരു പ്രസ്ഥാനമാണ്. സ്വയംചലിക്കുകയും മറ്റുള്ളവരെ ചലിപ്പിക്കുകയും ചെയ്യേണ്ട പ്രസ്ഥാനം. ആ ചാലക ശക്തിക്ക് സംഭവിക്കുന്ന നിസ്സംഗതയും നിസ്സഹായതയും വരും തലമുറയിലേക്ക് പ്രസരിക്കുന്നു.
ആസൂത്രണ വൈഭവത്തോടെ നിര്‍വഹിക്കേണ്ട ഭാര്യാപദവിയും മാതൃത്വവുമൊക്കെ സ്വാഭാവിക സംഭവങ്ങള്‍ മാത്രമായി ഗണിക്കുന്നതിനാല്‍ അവളുടെ കര്‍മ ധര്‍മങ്ങള്‍ക്ക് ശരീര ശാസ്ത്രപരം എന്നതിലപ്പുറം വലിയ പ്രാധാന്യമൊന്നും സമൂഹം നല്‍കുന്നില്ല. സാമൂഹിക ശില്‍പിയെന്ന ഉത്തരവാദിത്ത പൂര്‍ണമായ റോളിനുവേണ്ടി പെണ്‍കുട്ടികളുടെ ശാരീരിക, മാനസിക, തലങ്ങളെ പാകപ്പെടുത്തി പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ എത്രത്തോളം നടക്കുന്നുണ്ട് കുടുംബാന്തരീക്ഷത്തില്‍? വിവാഹം, തൊഴില്‍ എന്നീ ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമായി നല്‍കുന്ന വിദ്യാഭ്യാസം യാന്ത്രികവും ഉപരിപ്ളവപരവും മാത്രമായിരിക്കും . വിദ്യാര്‍ഥിയുടെ മാനസിക വൈകാരികതലങ്ങളെ അത് സ്പര്‍ശിക്കുകയില്ല. അതുകൊണ്ടാണ് ഹൈടെക് യുഗത്തില്‍ ജനിച്ചുവളരുന്ന പുതിയ കാലത്തിലെ മക്കളെ വളര്‍ത്താനാവശ്യമായ പരിജ്ഞാനമോ യുക്തിബോധമോ ഇല്ലാതെ മാതാക്കള്‍ മക്കള്‍ക്കുമുമ്പില്‍ നിസ്സഹായതയുടെ ആള്‍ രൂപങ്ങളായി മാറുന്നത്, പ്രശ്നങ്ങളെ കണ്ണുനീര്‍കൊണ്ട് കഴുകിത്തുടച്ചും പ്രതിബന്ധങ്ങളെ പരിദേവനങ്ങള്‍ കൊണ്ട് മൂടിവെച്ചും അശാസ്ത്രീയമായ കുടുംബ സംവിധാനം നടത്തി പരാജിതരാകുന്ന മാതാക്കളാണ് ഒരു പരിധിവരെ കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ക്ഷതമേല്‍പ്പിക്കുന്നത്.
അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടത്തൊന്‍ അഭ്യസ്ത വിദ്യരായ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസമാണ് ശാക്തീകരണത്തിന്‍െറ വഴിമുടക്കുന്ന മറ്റൊരുഘടകം. വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരല്‍ എന്നതിലുപരി മനസ്സുകളും ചിന്തകളും തമ്മിലുള്ള ഇഴുകിച്ചേരലാണ് ദാമ്പത്യമെന്ന് മനസ്സിലാക്കാത്ത അപക്വമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി വിവാഹ വ്യവഹാരത്തെ വികലമാക്കുന്നു നമ്മള്‍.
ആത്മവിശ്വാസം
ആധുനിക സ്ത്രീ വിദ്യാഭ്യാസം അവളുടെ ആത്മവിശ്വാസത്തിന് എത്രകണ്ട് പ്രചോദനം നല്‍കുന്നു എന്നത് പ്രസക്തമായ ഒരന്വേഷണത്തിന് വഴി തുറക്കുന്നു. ജന്മംകൊണ്ടുതന്നെ അപകര്‍ഷബോധം അനുഭവിക്കുന്നവരാണ് മിക്ക സ്ത്രീകളും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വീടകങ്ങളില്‍ നിന്ന് അനുഭവിക്കുന്ന അപകര്‍ഷതയുടെ ബാലപാഠങ്ങള്‍ അവളിലെ പ്രതികരണ ശേഷിയെ തല്ലിക്കെടുത്തുന്നു. താന്‍ ഒരു പടി താഴെയാണെന്ന ധാരണ അവളുടെ ഉള്ളില്‍ രൂപപ്പെട്ടുതുടങ്ങിയാല്‍ പിന്നെ അഭിപ്രായം പറയാനും നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനും അനീതിയെ ചോദ്യം ചെയ്യാനുമുള്ള ആത്മവിശ്വാസത്തിന് മങ്ങലേല്‍ക്കുന്നു. വീട്ടിനുള്ളില്‍ ഉറക്കെ സംസാരിക്കുന്നത് കണ്ണുരുട്ടി ഒതുക്കാന്‍ ശ്രമിക്കുന്ന നമ്മളാണ് പീഡിതയായ പെണ്‍കുട്ടിയോട് ‘എന്തുകൊണ്ട് നീ ഉറക്കെ കരഞ്ഞില്ല? ബഹളംവെച്ച് നീ ആളെ കൂട്ടിയില്ല?’ എന്ന് ചോദിക്കുന്നത്. ശബ്ദമുയര്‍ത്തി ശീലിച്ചിട്ടില്ലാത്ത അവള്‍ക്കെങ്ങനെ ഉറക്കെ കരയാന്‍ കഴിയും? അപകര്‍ഷത അവസാനിപ്പിച്ച് ആത്മവിശ്വാസവും ധൈര്യവും ആര്‍ജിക്കേണ്ടത് വീടകങ്ങളില്‍നിന്നുതന്നെ. അതിഥിയെ (വിശേഷിപ്പിച്ചും കുടുംബക്കാരല്ലാത്തവരെ) പരിചയപ്പെടാനും സംസാരിക്കാനും ഭാര്യയേയും പെണ്‍മക്കളേയും -അവര്‍ വിദ്യാസമ്പന്നര്‍ ആണെങ്കില്‍പോലും -അവസരം കൊടുക്കണം.
ശരീരഭാഷയും ശബ്ദവുംവരെ പെണ്‍കുട്ടികളുടെ കരുത്ത് നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണെന്ന് ചുരുക്കം. വിദ്യാഭ്യാസരംഗത്തെ അഭൂതപൂര്‍വമായ വളര്‍ച്ച അവളുടെ വ്യക്തിത്വ വികാസത്തില്‍ കാതലായ ചിലമാറ്റങ്ങള്‍ വരുത്തിയെങ്കിലും സ്വയം ശാക്തീകരണത്തിന്‍െറ വഴിയില്‍ ഇപ്പോഴും അവള്‍ പിന്നിലാണ്. അബല എന്ന വിളിപ്പേര് കാലങ്ങളായി അവള്‍ പേറുന്നത് അതുകൊണ്ടാണ്. വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ തുല്യതകൊണ്ടോ വേഷവിധാനത്തിലെ സമഭാവനകൊണ്ടോ സ്ത്രീ ശക്തയാകുന്നില്ല.
വിദ്യാഭ്യാസം , സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം എന്നിങ്ങനെ തരംതിരിച്ച് ശാക്തീകരണത്തെ ഭംഗിയാക്കേണ്ടതില്ല. ശരീരത്തിന്‍െറ ഓരോ അണുവിലും മനസ്സിന്‍െറ ഓരോതാളങ്ങളിലും ശക്തിതെളിയിക്കുന്ന ബഹുമുഖ ശാക്തീകരണമാണ് ലക്ഷ്യം വെക്കേണ്ടത്. തലമുറകളുടെ അമ്മ; കുടുംബത്തിന്‍െറ നായിക; സമൂഹത്തിന്‍െറ ശില്‍പി, ഇങ്ങനെ എല്ലാ അര്‍ഥത്തിലും സ്ത്രീ ബഹുമുഖ പ്രതിഭയാണെന്ന സ്വാഭിമാനത്തിന്‍െറ ശക്തിയാണവള്‍ നേടേണ്ടത്. അതിനാവശ്യം സ്ത്രീയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത പുരുഷന്‍െറ അകമഴിഞ്ഞ പിന്തുണയാണ്. സമസൃഷ്ടി സ്നേഹത്തോടെ സ്ത്രീയെ പരിഗണിക്കാന്‍ അവനുകഴിയണം. ആലസ്യത്തിന്‍െറയും നിസ്സംഗതയുടെയും പുറംതോട് പൊട്ടിച്ച് പുറത്തുകടക്കാനുള്ള ആവേശമായി അവനെപ്പോഴും കൂടെയുണ്ടാകണം. എങ്കില്‍ സുരക്ഷയുടെ കാര്യത്തില്‍ അവള്‍ സ്വയം പര്യാപ്തയാവും. ശാക്തീകരണത്തിന്‍െറ വിഷയത്തില്‍ അവള്‍ സംതൃപ്തയാവും. അതോടെ സമൂഹത്തിന്‍െറ കാഴ്ചപ്പാടും മനോഭാവവും മാറ്റത്തിന്‍െറ രുചിയറിയാന്‍ തുടങ്ങും. സ്വയംമാറുക എന്നതാണ് മറ്റൊന്നിനെ മാറ്റുന്നതിനേക്കാള്‍ പ്രായോഗികവും. മാറട്ടെ സ്ത്രീയുടെ ചിന്തകള്‍! സമൂഹ ചിന്താഗതിയും.

Comments