Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സ്ത്രീ ശാക്തീകരണം:മഹല്ലും കേരള നദ് വത്തുൽ മുജാഹിദും

വാഹിദ അബ്ദുസ്സമദ്
Published on Wednesday, April 15 2015
img

(www.uppalavisionnews.com) അലാവുദ്ദീന്‍റെ അത്ഭുതവിളക്ക് കയ്യിലുണ്ടായിട്ടും അത്ഭുതങ്ങള്‍ കാണിക്കാനാകാതെ നിരാശയോടെ നില്‍ക്കുന്നവരാണ് കേരള മുസ്ലിംകള്‍ എന്ന് തോന്നിപ്പോകുന്ന ചില നേരങ്ങളുണ്ട്. കുടുംബത്തിലും സമൂഹത്തിലും നല്ല ജീവിതം നയിക്കാന്‍ പര്യാപ്തമായ മുഴുവന്‍ സൗഭാഗ്യങ്ങളും ക

img

ൈയ്യെത്തും ദൂരത്തുണ്ടായിട്ടും ഒന്നുമറിയാത്തവരെ പോലെ ജീവിതം തീര്‍ക്കുന്നവര്‍. ലോകത്തെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരള മുസ്ലിംകള്‍ ഏറെ ഭാഗ്യം ലഭിച്ചവരാണ്. മഹല്ല് എന്ന ശക്തമായ സംവിധാനത്തിന്‍റെ കാവല്‍ പരിരക്ഷ ഓരോ മുസ്ലിമിനും ലഭിക്കാന്‍ സാധ്യതയുള്ള ഇടം. എന്നാല്‍ ഈ സാധ്യതകളൊന്നും വിനിയോഗിക്കാതെ സ്വയം തീര്‍ക്കുന്ന ഇരുട്ടറയില്‍ കഴിയേണ്ടി വരുന്നവരാണ് ഇന്നവര്‍.
ഒരു നാട്ടിലെ മുസ്ലിംകള്‍ക്കിടയില്‍ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും അനുസരിക്കുന്ന സംവിധാനമാണ് മഹല്ല് കമ്മിറ്റികള്‍. മഹല്ലിന്‍റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും സാധാരണഗതിയില്‍ ധൈര്യമുണ്ടാകാറില്ല. ഒറ്റപ്പെട്ടു പോകും എന്ന ഭയം തന്നെയാണ് കാരണം. സാമൂഹ്യജീവിയായ മനുഷ്യന് ഒറ്റപ്പെട്ടുള്ള ജീവിതം സാധ്യമല്ല. അങ്ങനെ ജീവിക്കുന്നവര്‍ പൊതുവെ മാനസികമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളവരായിരിക്കും.

ഈ സംവിധാനത്തിന്‍റെ സാധ്യത മുസ്ലിം സ്ത്രീകളെ സമൂഹത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിക്കുന്നില്ല എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. മുസ്ലിം സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ മഹല്ല് സംവിധാനത്തില്‍ സ്ത്രീക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നുള്ള കേരള നദ് വത്തുല്‍ മുജാഹിദീന്‍റെ പ്രസ്താവന വന്നത് ഈയിടെയാണ്. ഇതുയര്‍ത്തിയ വിമര്‍ശനങ്ങളുടെ അല ഇപ്പോഴും അടങ്ങിയിട്ടില്ല. ഇസ്ലാമിന്‍റെ പാരമ്പര്യങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ അജണ്ടയാണ് ഈ തീരുമാനമെന്നാണ് വാദം. ദൈവം ഭൂമിയിലേക്ക് നിശ്ചയിച്ച പ്രവാചകന്‍മാരില്‍ ഒരാള്‍ പോലും സ്ത്രീ ആയിരുന്നില്ലന്നെും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പുരുഷനില്‍നിന്ന് സ്ത്രീ പ്രകൃത്യാ തന്നെ ഏറെ വ്യത്യസ്തയാണ്. ശാരീരികവും മാനസികവുമായ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടാണ് ദൈവം ഓരോ സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചത്. പ്രവാചകന്‍മാരുടെ കൂട്ടത്തില്‍ സ്ത്രീകളുണ്ടായിരുന്നില്ല എന്നത് നേരാണ്. പക്ഷെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് മുസ്ലിം സ്ത്രീകളെ കൊണ്ടുവരുന്നത് തടയാന്‍ മാത്രം ബലം ഈ വാദത്തിനില്ല.

ഖുര്‍ആനിലുടനീളവും പ്രവാചക ചരിത്രങ്ങളിലും സ്ത്രീക്ക് അര്‍ഹമായ സ്ഥാനം നല്‍കിയെന്നത് രേഖകളായി നമുക്ക് മുന്നില്‍ ഉണ്ട്. വിശുദ്ധ ഖുര്‍ആനില്‍ മര്‍യമിന്‍റെ പേരില്‍ ഒരു അധ്യായം തന്നെ അല്ലാഹു അവതരിപ്പിച്ചു. ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ത്രീ നാമവും മര്‍യമിന്‍റേത് തന്നെ. ദൈവം നിശ്ചയിച്ച ഒരു ലക്ഷത്തില്‍പരം പ്രവാചകന്‍മാരില്‍ ആദമിനെ ഒഴികെ ബാക്കി ഓരോരുത്തര്‍ക്കും ജന്മം നല്‍കിയത് സ്ത്രീ തന്നെയാണ്. പ്രവാചകന്‍മാര്‍ അവരുടെ നിയോഗം കൊണ്ട് മനുഷ്യരില്‍ ഉന്നതരാവുന്നു. അപ്പോള്‍ അവര്‍ക്ക് ജന്മം നല്‍കിയ വര്‍ഗം എങ്ങനെയാണ് അവമതിക്കപ്പെടേണ്ടവര്‍ ആവുക?

ജനനത്തിന്‍റെ കാര്യത്തില്‍ മറ്റു പ്രവാചകന്‍മാരില്‍നിന്നും വ്യത്യസ്തനാണ് ഈസാ നബി. പക്ഷെ അവിടെയും ഒരു പുരുഷ സ്പര്‍ശം പോലുമേല്‍ക്കാതെ ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ അല്ലാഹു വിശുദ്ധ മര്‍യമിനെ തെരഞ്ഞെടുത്തു.
മര്‍യമിനെ മാതാവ് ഗര്‍ഭം ചുമക്കുന്ന വേളയില്‍ തന്നെ പിതാവ് ഇംറാന്‍ ഭാര്യയുടെ ഉദരത്തിലിരിക്കുന്ന കുഞ്ഞിനെ പള്ളിയിലേക്ക് നേര്‍ച്ച നേര്‍ന്നിരുന്നു. പിറക്കാനിരിക്കുന്നത് പെണ്‍കുഞ്ഞാണെന്നതായിരുന്നു ദൈവ നിശ്ചയം. ആരാധനാലയത്തിലേക്ക് നേര്‍ച്ച നേര്‍ന്നതിന്‍റെ പേരില്‍ മര്‍യമിനെ ഒരു ആണ്‍കുഞ്ഞായി ജനിപ്പിക്കാന്‍ ദൈവത്തിന് സാധിക്കാഞ്ഞിട്ടല്ല. പക്ഷെ, ദൈവിക നിശ്ചയം മറ്റൊന്നായിരുന്നു. പള്ളിയിലെ മിഅ്റാബില്‍ വളര്‍ന്ന അവള്‍ക്ക് മാലാഖ വഴി ദൈവം വിശിഷ്ടമായ വിഭവങ്ങള്‍ ഇറക്കികൊടുത്തു.

പേര് പരാമര്‍ശിക്കാതെ ഖുര്‍ആന്‍ വാഴ്ത്തിയ മഹതികളുമുണ്ട്. ‘തര്‍ക്കിക്കുന്നവള്‍’ എന്ന പേരില്‍ ഖുര്‍ആനില്‍ ഒരു അധ്യായം കാണാന്‍ കഴിയും. ക്ഷിപ്രകോപം മൂലം ഭര്‍ത്താവ് പറഞ്ഞുപോയ ഒരു വാക്ക് തിരിച്ചെടുക്കാന്‍ പ്രായശ്ചിത്തം എന്താണെന്ന് ചോദിച്ചുകൊണ്ട് പ്രവാചകനെ സമീപിച്ച കൗല ബിന്‍ സഅ് ലബ(റ)യെയാണ് ഈ അധ്യായത്തില്‍ പറയുന്നത്. ഒരു സ്ത്രീ ആണെന്നതിന്‍റെ പേരില്‍ ദൈവം അവരുടെ ചോദ്യത്തിന് ചെവി കൊടുക്കാതിരുന്നില്ല. ബനൂ ഖുറൈള യുദ്ധ ശേഷം നബിയുടെ ഭാര്യ ആയിശ(റ)യെ കുറിച്ചുള്ള അപവാദ പ്രചരണം നടന്നപ്പോഴും അവരുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചു.

ഹുദൈബിയ സന്ധി ഒപ്പുവെച്ചതിന്‍റെ നിരാശയില്‍ പ്രവാചകനെ അക്ഷരംപ്രതി അനുസരിച്ചിരുന്ന അനുചരന്‍മാര്‍ പ്രവാചക കല്‍പന അനുസരിക്കാതെ വന്നപ്പോള്‍ പ്രവാചകനോട് തലമുണ്ഡനം ചെയ്ത് ഒട്ടകത്തെ ബലിയറുപ്പിക്കാന്‍ ഉപദേശിച്ചത് ഭാര്യ ഉമ്മുസലമ(റ)ആയിരുന്നു. തന്‍റെ ഭാര്യയുടെ യുക്തി പ്രവാചകന്‍ സ്വീകരിക്കുകയും അതുകണ്ട് അനുചരന്‍മാരും അതേരീതി പിന്തുടരുകയും ചെയ്ത സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു. ഉമ്മു സലമ(റ) ഒരു സ്ത്രീയായത് കൊണ്ട് അവരുടെ ഉപദേശം സ്വീകരിക്കാതിരിക്കുകയല്ല പ്രവാചകന്‍ ചെയ്തത്.

പ്രവാചകന്‍റെ മരണശേഷം കര്‍മ്മശാസ്ത്ര രംഗത്തെ സംശയങ്ങള്‍ പോലും ആയിശ(റ) പ്രവാചകാനുചരന്‍മാര്‍ക്ക് വിശദീകരിച്ചു കൊടുക്കാറുണ്ടായിരുന്നു. ഉമര്‍(റ)ന്‍റെ ഭരണകാലത്ത് ശിഫ എന്ന പേരുള്ള ഒരു സത്രീയെ കച്ചവടരംഗത്തെ കണക്കുകള്‍ ബോധിപ്പിക്കാന്‍ നിയോഗിച്ചതായി ചരിത്രത്തില്‍ കാണാന്‍ കഴിയും. ഇതൊക്കെയും സ്ത്രീകള്‍ക്ക് ഇസ്ലാമും പ്രവാചകനും നല്‍കിയ സ്ഥാനങ്ങളുടെ മകുടോദാഹരണങ്ങളാണ്. സ്ത്രീകള്‍ പൊതുജീവിതത്തില്‍ എവിടെയും ഇല്ലായിരുന്നു എന്ന് പറയാന്‍ ഇവര്‍ക്ക് പിന്നെ എങ്ങനെ കഴിയും?

പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്ന ജാഹിലിയ്യ സംസ്കാരത്തില്‍നിന്നും സ്ത്രീയെ ഉയര്‍ത്തിക്കൊണ്ടുവന്ന് അവള്‍ക്ക് മികച്ച സ്ഥാനം സമൂഹത്തില്‍ സമ്മാനിച്ചതും ഇസ്ലാമാണ്. എന്നിട്ടും ഇസ്ലാമിന്‍റെ പേര് പറഞ്ഞ് എന്തിനാണ് മുസ്ലിം സ്ത്രീയെ ആ ഇരുണ്ട യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ചിലര്‍ ഇത്രയും ആവേശം കാണിക്കുന്നത്. പെണ്ണായിപ്പോയി എന്നതിന്‍റെ പേരില്‍ പടച്ചവന്‍ നിഷേധിക്കാത്ത നീതി തടയാന്‍ പിന്നെ പടപ്പുകള്‍ക്കെന്തവകാശം?

മഹല്ല് സംവിധാനത്തിലേക്ക് സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുക്കുക എന്ന് പറയുമ്പോഴേക്ക് അവര്‍ക്ക് ഇമാമിന്‍റെയും മുഅദ്ദിന്‍റെയും ജോലി ഏല്‍പ്പിക്കാന്‍ പറ്റുമോ എന്ന വെല്ലുവിളി സ്വരത്തില്‍ പറയാന്‍ മാത്രം അതില്‍ എന്ത് തെറ്റാണുള്ളത്. ഏകപക്ഷീയമായി കയ്യാളിപ്പോരുകയും അനുഭവിക്കുകയും ചെയ്യുന്ന അവകാശങ്ങള്‍ നഷ്ടപ്പെടുമെന്നുള്ള ഭയം തന്നെയല്ളേ ഈ രോഷപ്രകടനത്തിനു പിന്നില്‍? മഹല്ലുകള്‍ കയ്യാളുന്നതില്‍ നല്ളൊരളവ് സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവാഹ, വിവാഹ മോചന പ്രശ്നങ്ങള്‍ ആണെന്നിരിക്കെ അവരെ തീര്‍ത്തും മാറ്റി നിര്‍ത്തുന്നതില്‍ എന്തുണ്ട് ന്യായം?

സ്വന്തം മക്കള്‍ പഠിക്കുന്ന വിഷയം ഏതാണെന്ന് പോലും അറിയാത്ത, സമകാലിക വിഷയങ്ങളില്‍ പ്രാഥമിക വിവരം പോലുമില്ലാത്ത, വിശുദ്ധ ഖുര്‍ആന്‍ പോലും പാരായണം ചെയ്യാന്‍ അറിയാത്ത ഒരുപാട് മുസ്ലിം വീട്ടമ്മമാര്‍ കമല സുരയ്യുടെ ‘കോലാട്’ കണക്കെ ഇന്നും ജീവിതം ജീവിച്ചുതീര്‍ക്കുന്നു എന്നത് ആരും അതിശയോക്തിയോടെ കാണേണ്ടതില്ല. തന്‍േറതല്ലാത്ത കുറ്റം കൊണ്ട് ദാമ്പത്ത്യത്തിനകത്തും പുറത്തും കണ്ണീരും കയ്യുമായി ജീവിതം തള്ളിനീക്കുന്ന എത്രയെത്ര പെണ്‍കുട്ടികള്‍....ഇസ്ലാം നല്‍കുന്ന ന്യായമായ അവകാശങ്ങള്‍ തിരിച്ചറിയാനും അത് നേടിയെടുക്കാനും പാകത്തില്‍ സജ്ജരാക്കി ഇവരെ സമൂഹത്തിന്‍റെ മേച്ചിന്‍പുറങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തിന് സമയമായി.

img

Comments