Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ജനസംഖ്യാ പെരുപ്പവും ഹിന്ദുത്വ പ്രചാരണവും

കാസിം ഇരിക്കൂര്‍
Published on Saturday, May 09 2015
img

(www.uppalavisionnews.com) ഹിന്ദുസമൂഹത്തെ തങ്ങളോടൊപ്പം നിര്‍ത്താന്‍ സംഘ്പരിവാര്‍ സംഘടനകള്‍ എല്ലായ്പോഴും എടുത്തുപയോഗിക്കുന്ന ഒരായുധമാണ് മുസ്ലിം ജനസംഖ്യാ വര്‍ധനയെ കുറിച്ചുള്ള ‘ഉത്കണ്ഠകള്‍’. സന്താനോല്‍പാദനത്തില്‍ മുസ്ലിംകള്‍ ഹിന്ദുക്കളെ അപേക്ഷിച്ച് മുന്നിലാണെന്ന പ്രചാരണം 19ാം നൂറ്റാണ്ട് തൊട്ടേ വ്യാപകമാണെന്ന് വര്‍ഗീയതയെ കുറിച്ചുള്ള പഠനങ്ങള്‍ സമര്‍ഥിക്കുന്നുണ്ട്. ‘ഹം പാഞ്ച് ഹംകൊ പച്ചീസ്’ (നാം അഞ്ച് ; നമുക്ക് ഇരുപത്തഞ്ച്) എന്ന അവഹേളനപരമായ സൂത്രവാക്യം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ തന്നെ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്ന് അറിയുമ്പോള്‍ നാം അന്തംവിട്ടുപോവാം.

മുസ്ലിം പുരുഷന്മാര്‍ നാലു കല്യാണം വഴി 25 കുട്ടികളെ ഉല്‍പാദിപ്പിക്കുന്നുവെന്ന സിദ്ധാന്തത്തിലടങ്ങിയ യുക്തിരാഹിത്യം സാമാന്യബുദ്ധിക്ക് ഗ്രാഹ്യമാണെങ്കിലും ഹിന്ദുത്വവാദികള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. നാലു സ്ത്രീകളെ വീതം വിവാഹം കഴിക്കാന്‍ ഒരു സമൂഹത്തിലെയും സ്ത്രീ-പുരുഷ അനുപാതം അനുവദിക്കില്ല എന്ന വശം പോകട്ടെ, ഒരു പുരുഷന്‍ നാലു സ്ത്രീകളെ വിവാഹം ചെയ്താല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനേക്കാള്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുക നാലു സ്ത്രീകള്‍ നാലു പുരുഷന്മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണെന്ന കേവലസത്യത്തിനു മുന്നിലും വിദ്വേഷപ്രചാരകരുടെ യുക്തിബോധം തലകുനിക്കുന്നതായി കാണാം.

മുസ്ലിം ജനസംഖ്യ ക്രമാതീതമായി പെരുകുന്നു എന്ന ആശങ്ക പരത്തുന്നതില്‍ ഹിന്ദുത്വനേതൃത്വം പരസ്പരം മത്സരിക്കുന്നതിന്‍െറ നിരവധി ഉദാഹരണങ്ങള്‍ സമീപകാലത്തുണ്ടായി. ഗുജറാത്തിലെ ന്യൂനപക്ഷവിരുദ്ധ കലാപത്തില്‍പ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെക്കുറിച്ച് ‘സന്താനോല്‍പാദന ഫാക്ടറി’ എന്ന് പരിഹസിച്ചത് സാക്ഷാല്‍ നരേന്ദ്ര മോദിയാണ്. മുസ്ലിംകള്‍ നാല്‍പതു വീതം നായ്ക്കള്‍ക്ക് ജന്മം കൊടുക്കുന്നവരാണെന്നും ഹിന്ദുസ്ഥാനെ ‘ദാറുല്‍ ഇസ്ലാം’ ആയി പരിവര്‍ത്തിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പി നേതാവ് സാധ്വി പ്രാചി ഈയിടെ ആരോപിക്കുകയുണ്ടായി. സാക്ഷി മഹാരാജ് മാത്രമല്ല, ബ്രഹ്മചാരികളായി നടക്കുന്ന ആര്‍.എസ്.എസ് നേതാക്കള്‍പോലും ചുരുങ്ങിയത് നാല് കുട്ടികളെ പ്രസവിച്ച് രാഷ്ട്രത്തെയും ഹിന്ദുസമാജത്തെയും ‘സേവിക്കാന്‍’ സ്ത്രീകളോട് ആഹ്വാനം ചെയ്തത് മുസ്ലിം ജനസംഖ്യാവളര്‍ച്ചയെ മറികടക്കാനാണ്. ഈയിടെ അമേരിക്കയിലെ ‘പ്യൂ’ റിസര്‍ച്ച് സെന്‍റര്‍ ‘ലോകമതങ്ങളുടെ ഭാവി’യെക്കുറിച്ച് ചില നിഗമനങ്ങളും അനുമാനങ്ങളും പുറത്തുവിടേണ്ട താമസം സംഘ്പരിവാര്‍ സംഘടനകള്‍ അതേറ്റുപിടിച്ച് പ്രചണ്ഡമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.‘ജനസംഖ്യാ അസന്തുലിതത്വം’ പരിഹരിക്കാന്‍ ഹിന്ദുസ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അല്ലാത്തപക്ഷം മുസ്ലിംകള്‍ ഹിന്ദുക്കളെ കടത്തിവെട്ടുമെന്നും വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയിന്‍ ആവര്‍ത്തിച്ചു. വിഷയം ഏറ്റുപിടിച്ച ശിവസേന ജിഹ്വ സാമ്നയാവട്ടെ ജനസംഖ്യാ അസന്തുലിതത്വത്തിനു ‘പ്രതിവിധിയായി’ നിര്‍ദേശിച്ചത് മുസ്ലിംകള്‍ക്ക് നിര്‍ബന്ധ വന്ധ്യംകരണവും വോട്ടവകാശനിഷേധവും നടപ്പാക്കണമെന്നാണ് . ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട ഘട്ടത്തില്‍ 2011ലെ സെന്‍സസിന്‍െറ അതുവരെ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്‍െറ പിന്നിലെ ദുഷ്ടലാക്ക് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മുസ്ലിം ജനസംഖ്യാനിരക്ക് ഹിന്ദുക്കളെക്കാള്‍ കൂടുതലാണെന്നും ഹിന്ദുഇന്ത്യയുടെ ഭാവി അവതാളത്തിലാണെന്നും ബി.ജെ.പിക്ക് പ്രചരിപ്പിക്കാന്‍ പാകത്തിലാണ് റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍ അവതരിപ്പിച്ചത്.

2001-2011 കാലയളവില്‍ ഹിന്ദുക്കളുടെ ജനസംഖ്യാ വളര്‍ച്ച നിരക്ക് 1.4 ശതമാനമാണെങ്കില്‍ മുസ്ലിംകളുടേത് 2.2 ആണെന്നാണ് സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ നിരക്കില്‍ ഇരുസമുദായങ്ങളും വളരുകയാണെങ്കില്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2220ല്‍ മുസ്ലിംകള്‍ ഹിന്ദുക്കളുടെമേല്‍ മേധാവിത്വം സ്ഥാപിക്കുമെന്നാണ് പ്യൂ റിസര്‍ച്ച് സെന്‍ററിന്‍െറ കണ്ടത്തെല്‍. അന്ന് രാജ്യത്തെ ജനസംഖ്യ 3264 കോടിയായിരിക്കും. അതായത് ഇന്നത്തെ ലോകജനസംഖ്യയുടെ അഞ്ചിരട്ടി. തീര്‍ത്തും അസംഭവ്യമായ അമ്മട്ടിലുള്ളൊരു സാഹചര്യത്തെ കുറിച്ച് ഓര്‍ത്ത് എന്തിന് സംഭ്രാന്തരാവണം?

ഒരു ജനവിഭാഗത്തിന്‍െറ സന്താനോല്‍പാദന പ്രവണത ആശ്രയിച്ചിരിക്കുന്നത് സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങളാണെന്ന വസ്തുത സര്‍വത്ര അംഗീകരിക്കപ്പെട്ടതാണ്. ഏറ്റവും താഴ്ന്ന ജീവിതനിലവാരമാണ് മുസ്ലിംകളിലെ ജനസംഖ്യാവര്‍ധനക്ക് നിദാനമെന്ന് ഇടത്-ലിബറല്‍ സാമ്പത്തിക വിദഗ്ധര്‍ എന്നോ ചൂണ്ടിക്കാട്ടിയതാണ്. ഹിന്ദുത്വബുദ്ധിജീവികളാവട്ടെ മതത്തെയാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്. ജീവിതനിലവാരത്തിലുള്ള മാറ്റം ഇതിനകം മുസ്ലിം ജനസംഖ്യാവര്‍ധനയെ നിയന്ത്രിച്ചതായും കാണാം. ബെല്‍ജിയന്‍ ഇന്‍ഡോളജിസ്റ്റ് കോണ്‍റാഡ് എല്‍സ്റ്റ് (Konraad Elst) ഏത് സാമ്പത്തിക ഗ്രൂപ്പിലും മുസ്ലിംകളുടെ ജനസംഖ്യ വര്‍ധനാ പ്രവണത കൂടുതലാണെന്ന് പറഞ്ഞ് സംഘ്പരിവാര്‍ നേതൃത്വത്തെ പിരികയറ്റാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, യാഥാര്‍ഥ്യമെന്താണ്? 1991-2001 കാലത്ത് വളര്‍ച്ചനിരക്ക് 29.3 ശതമാനമാണെങ്കില്‍ 2001-2011 ദശകത്തില്‍ 24.4 ശതമാനമാണ്. അഞ്ചുശതമാനത്തിന്‍െറ കുറവ്. ജനസംഖ്യാവര്‍ധന നിരക്കിലെ താഴോട്ടുള്ള പ്രവണതയെക്കുറിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റി 2100 ആകുമ്പോഴേക്കും മുസ്ലിം ജനസംഖ്യ17-20 ശതമാനത്തില്‍ ചെന്നുനില്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബംഗ്ളാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം പശ്ചിമബംഗാളിലെയും അസമിലെയും ജനസംഖ്യാ സന്തുലിതത്വം തകര്‍ക്കുന്നുവെന്ന പതിവ് മുറവിളിയില്‍ വല്ല കഴമ്പുമുണ്ടോ? ഇല്ളെന്നാണ് 1991ലെയും 2001ലെയും 2011ലെയും സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബംഗാളില്‍ മുസ്ലിം ജനസംഖ്യാനിരക്ക് വാസ്തവത്തില്‍ കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഭീഷണിയായ ‘നുഴഞ്ഞുകയറ്റ’ത്തെ കുറിച്ചുള്ള വിലാപത്തിന് ഒരു അടിസ്ഥാനവുമില്ളെന്ന് കണക്കുകള്‍ സമര്‍ഥിക്കുന്നു.
ഈവക വസ്തുതകള്‍ മുന്നില്‍വെച്ച് ഹിന്ദുത്വവാദികള്‍ എന്തിനു ഇന്ത്യ ഹിന്ദുക്കള്‍ക്ക് അന്യമാവുന്നുവെന്ന കുപ്രചാരണത്തിനു തുനിയുന്നു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ഭൂരിപക്ഷ സമുദായത്തിന്‍െറ മനസ്സില്‍ ന്യൂനപക്ഷങ്ങളെ കുറിച്ച് വെറുപ്പ് ഉല്‍പാദിപ്പിക്കാനും അവരില്‍ ഭീതിവളര്‍ത്തി തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് സമാജത്തെ മൊത്തം കൊണ്ടുനടക്കാനും. അധികാരം പിടിച്ചെടുക്കാനും കിട്ടിയ ഭരണം നിലനിര്‍ത്താനും അംഗബലം സ്വരൂപിക്കുക അല്ളെങ്കില്‍ കേവലഭൂരിപക്ഷം സ്ഥാപിച്ചെടുക്കുക എന്ന ഏകലക്ഷ്യത്തിലൂന്നിയാണ് ഹിന്ദുത്വ അതിന്‍െറ അടിസ്ഥാന ആശയസംഹിതയെ കരുപ്പിടിപ്പിച്ചിരിക്കുന്നത്. ഹിന്ദുസ്ത്രീകള്‍ കൂടുതല്‍ കൂടുതല്‍ പ്രസവിക്കേണ്ടത് ജനാധിപത്യമൂല്യങ്ങളില്‍ വിശ്വാസമില്ലാത്ത, ബഹുസ്വരതയെ നിരാകരിക്കുന്ന ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം അധികാരലബ്ധിയുടെ അനിവാര്യഘടകമാണ്. ഹിറ്റ്ലറുടെ നാസി സിദ്ധാന്തങ്ങളുടെ ചുവടുപിടിച്ചാണ്് ഹിന്ദുത്വ അധികാര- അതിജീവന തന്ത്രങ്ങള്‍ മെനയുന്നത്.

ഹിറ്റ്ലര്‍ അനുയായികളെ ബോധവത്കരിച്ചത് ഇങ്ങനെയാണ്: ‘വിദൂരഭാവിയില്‍ ലോകം ഒന്നുകില്‍ നിയന്ത്രിക്കപ്പെടുക ജനാധിപത്യ രീതിയിലാകും, അതല്ളെങ്കില്‍ ശക്തിയുടെ മാനദണ്ഡത്തിലാകും. ആദ്യത്തേതാണെങ്കില്‍ എണ്ണത്തിലധികമുള്ളവര്‍ക്കാവും നിയന്ത്രണം. രണ്ടാമത്തേതില്‍ കൈയൂക്കിനും. രണ്ടായാലും വളര്‍ച്ചയുടെ സാധ്യതകള്‍ സ്വയം നിഷേധിച്ചവര്‍ക്കാകില്ല, ക്രൂരമായ കരുത്തോടെ പിടിച്ചടക്കിയവര്‍ക്കാകും വിജയം’. നമ്മുടെ രാജ്യത്തിന്‍െറ ജനാധിപത്യസാധ്യതകള്‍ മുതലെടുക്കാനാണ് ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാഷിസം സ്വാതന്ത്ര്യലബ്ധി തൊട്ടേ തങ്ങള്‍ക്ക് ആശ്രയിക്കാവുന്നവരുടെ എണ്ണം കൂട്ടാനും ശത്രുപക്ഷത്തുള്ളവരുടെ എണ്ണം കുറക്കാനും തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. ഈ ദിശയിലാണ് പെരുങ്കള്ളങ്ങള്‍ പ്രചരിപ്പികൊണ്ടിരിക്കുന്നത്. ‘ക്രൂരമായ കരുത്തില്‍’ ഉറച്ചുവിശ്വസിക്കുന്നവരാണ് ആര്‍.എസ്.എസ് എന്ന് ഇത$പര്യന്ത അനുഭവം ഓര്‍മപ്പെടുത്തുന്നുണ്ട്. രാജ്യത്തിനു ഒരു ഭരണഘടന എഴുതാനിരുന്ന ബാബാസാഹെബ് അംബേദ്കറെ ഏറ്റവുമധികം വിഷമിപ്പിച്ചത് ജനാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഒരു വിഭാഗം ഹിന്ദുസമൂഹത്തിന്‍െറ, അടിസ്ഥാന കാഴ്ചപ്പാടിലെ ദൗര്‍ബല്യങ്ങളായിരുന്നു. ഹിന്ദുക്കളോട് ഒരു വാക്ക് ’എന്ന അധ്യായത്തില്‍ അംബേദ്കര്‍ ഇങ്ങനെ പറയുന്നു: ‘രാഷ്ട്രീയ ഭൂരിപക്ഷം നിര്‍ണീതമോ സ്ഥിരമോ അല്ല. സൃഷ്ടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും പുന$സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഭൂരിപക്ഷമാണത്. അതേസമയം, സാമുദായിക ഭൂരിപക്ഷം മനോഭാവത്തില്‍ ഉറപ്പിക്കപ്പെട്ട സ്ഥിരസ്വഭാവിയായ ഭൂരിപക്ഷമാണ്. അതിനെ ഒരുപക്ഷേ നശിപ്പിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, അതിനു രൂപപരിണാമം വരുത്താനാവില്ല. ഒരു രാഷ്ട്രീയഭൂരിപക്ഷത്തോട് അത്രക്ക് എതിര്‍പ്പാണെങ്കില്‍ ഒരു സാമുദായിക ഭൂരിപക്ഷത്തോടുള്ള എതിര്‍പ്പ് എത്ര വിനാശകരമായിരിക്കും!’

സാമുദായിക ഭൂരിപക്ഷമാണ് ജനായത്ത സംസ്കൃതി അന്വേഷിക്കുന്ന ഭൂരിപക്ഷമെന്ന് വിശ്വസിക്കുന്നിടത്താണ് മതേതരത്വം തോല്‍ക്കുന്നതും ഹിന്ദുത്വത്തെ പോലുള്ള ശക്തികള്‍ ഇടം കണ്ടത്തെുന്നതും. കേവല ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാമായി എന്ന് കരുതുന്നതിലെ വങ്കത്തവുമായി കൂടുതല്‍ മുന്നോട്ടുപോകുമ്പോഴാണ് ഹിന്ദുരാഷ്ട്രത്തെ കുറിച്ച് പകല്‍ക്കിനാവ് കാണാന്‍ ഇക്കൂട്ടര്‍ ധൈര്യം ആര്‍ജിക്കുന്നത്. ജനാധിപത്യത്തില്‍ കേവലഭൂരിപക്ഷത്തിന് പലമാതിരി പരിമിതികളുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് അംബേദ്കര്‍ ആധുനിക ഇന്ത്യയെ രാഷ്ട്രീയം പഠിപ്പിക്കുന്നത് കാണുക: ‘ഭൂരിപക്ഷ ഭരണത്തിന്‍െറ പരിമിതികള്‍ അംഗീകരിക്കാന്‍ ഹിന്ദുക്കള്‍ തയാറല്ല. അവര്‍ ആവശ്യപ്പെടുന്നത് കേവല ഭൂരിപക്ഷമാണ്. കേവല ഭൂരിപക്ഷമെന്ന പിടിവാശി രാഷ്ട്രീയ ദാര്‍ശനികര്‍ അംഗീകരിക്കുന്ന ന്യായമായ നിര്‍ദേശമാണോ? ഹിന്ദുക്കള്‍ ശാഠ്യം പിടിക്കുന്ന തരത്തിലുള്ള ഭൂരിപക്ഷത്തിനു യു.എസ് ഭരണഘടനപോലും പിന്തുണ നല്‍കുന്നില്ളെന്ന വസ്തുത അവരറിയുന്നില്ല. യു.എസ് ഭരണഘടനയില്‍നിന്ന് തന്നെ ഇക്കാര്യം വ്യക്തമാക്കാം. മൗലികാവകാശ സംബന്ധിയായ വകുപ്പുതന്നെ എടുക്കാം. ആ വകുപ്പ് അര്‍ഥമാക്കുന്നതെന്താണ്? കേവലം ഒരു ഭൂരിപക്ഷ ഭരണത്തിനു ഇടപെടാന്‍ വയ്യാത്തവിധം പരമപ്രധാനമായ കാര്യങ്ങളാണ് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നത്. മറ്റൊരു ഉദാഹരണമിതാ: ഭരണഘടനയുടെ ഏതെങ്കിലുമൊരംശത്തിനു മാറ്റം വരുത്തണമെങ്കില്‍ അതിനുള്ള നിര്‍ദേശം നാലില്‍ മൂന്നു ഭൂരിപക്ഷപ്രകാരം പാസാക്കുകയും അത് സംസ്ഥാനങ്ങള്‍ അംഗീകരിക്കുകയും വേണമെന്ന് യു.എസ് ഭരണഘടനയില്‍ പറയുന്നുണ്ട്. ഇത് വെളിവാക്കുന്നതെന്താണ്? ചില കാര്യങ്ങള്‍ക്ക് കേവല ഭൂരിപക്ഷം മതിയാവുകയില്ളെന്നാണ്.’

എന്നാല്‍, കേവലം ഭൂരിപക്ഷം കൊണ്ട് പഴയ ഇന്ത്യയെ തച്ചുടച്ച് ആര്‍.എസ്.എസിന്‍െറ വിഭാവനയിലുള്ള ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന മിഥ്യാധാരണയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും. നാലില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ചാലും ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട് തകര്‍ക്കാനോ മതേതര ജനാധിപത്യത്തിന്‍െറ ആധാരശില ഇടിച്ചുനിരത്താനോ സാധ്യമല്ളെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ അംഗബലത്തെ കുറിച്ചുള്ള ഏത് അവകാശവാദവും സ്വയം സായുജ്യമടയാനുള്ള ഉപാധിയായി ചുരുങ്ങുമെന്നുറപ്പ്.

Comments