antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

സഭകളിലും രാഷ്ട്രീയ ജീര്‍ണത | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സഭകളിലും രാഷ്ട്രീയ ജീര്‍ണത

ഡി.ബി. ബിനു
Published on Monday, March 09 2015
img

(www.uppalavisionnews.com) നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‍െറ നെടുംതൂണുകളായ നിയമനിര്‍മാണ സഭ (Legislature), കാര്യനിര്‍വഹണ വിഭാഗം (Executive), നീതിന്യായ സംവിധാനം (Judiciary) എന്നിവ ഭരണഘടനാ ശില്‍പികള്‍ സൃഷ്ടിച്ചത് പ്രത്യേകമായ ലക്ഷ്യത്തോടെയാണ്. നിയമനിര്‍മാണ സഭ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ നിയമനിര്‍മാണംതന്നെയാണ് പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കുകയാണ് കാര്യനിര്‍വഹണ വിഭാഗത്തിന്‍െറ ചുമതല. നിയമവ്യാഖ്യാനമാണ് ജുഡീഷ്യറിയെ ഏല്‍പിച്ചിരിക്കുന്നത്. ഈ സംവിധാനങ്ങളെല്ലാം അതത് കര്‍മമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം ഇതര മേഖലകളുമായി പരസ്പരപൂരകമായി വര്‍ത്തിക്കുകയും വേണം. ഏതെങ്കിലും ഒരു സംവിധാനം ദുര്‍ബലമാകുന്നതോടെ മറ്റൊരു വിഭാഗം ഇതര കര്‍മമണ്ഡലങ്ങളിലേക്ക് അതിക്രമിച്ചു കടക്കുന്നതിന് ഉദാഹരണങ്ങള്‍ നിരവധി. നിയമനിര്‍മാണരംഗത്തും കാര്യനിര്‍വഹണ വിഭാഗത്തിന്‍െറയും കര്‍മമണ്ഡലങ്ങളിലേക്ക് ജുഡീഷ്യറി അതിക്രമിച്ചുകടന്ന സംഭവങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് ‘ത്രീ ജഡ്ജസ് കേസസ്’(Three Judges Cases)ലൂടെ ന്യായാധിപരെ നിയമിക്കാനുള്ള ഭരണഘടനാ പദ്ധതിതന്നെ സുപ്രീംകോടതി മാറ്റിവെച്ചു.
സി.എന്‍.ജി എങ്ങനെ ഉപയോഗിക്കണം, നദികള്‍ ശുദ്ധീകരിക്കണം തുടങ്ങിയ ഉത്തരവുകള്‍ സര്‍ക്കാറിന് നല്‍കാന്‍ കോടതികള്‍ തയാറായി. നിയമനിര്‍മാണ സഭകള്‍ വിളിച്ചുകൂട്ടണമെന്നും അതിന്‍െറ അജണ്ട എന്തായിരിക്കണമെന്നുപോലും കോടതികള്‍ തീരുമാനിക്കാന്‍ തുടങ്ങി. നിയമനിര്‍മാതാക്കളുടെ കഴിവില്ലായ്മയും ഭരണരംഗത്തെ കൊടിയ അഴിമതിയും ഭരണഘടന തീര്‍ത്ത അതിര്‍വരമ്പുകളെ അതിലംഘിച്ചുകൊണ്ട്, ജുഡീഷ്യല്‍ ആക്ടിവിസമെന്ന പേരില്‍ കോടതികളുടെ ഇടപെടലിനെ ക്ഷണിച്ചുവരുത്തുകയായിരുന്നു. സഭകള്‍ കൂടുതല്‍ ദുര്‍ബലമാകുന്ന പ്രവണയാണ് ഒരു ദശകായി കാണാന്‍ സാധിക്കുന്നത്.
സാമാജികരുടെ പ്രധാന ചുമതലകള്‍
1. സഭയിലും സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും അവതരിപ്പിക്കപ്പെടുന്ന എല്ലാ നിയമങ്ങളും കമ്പോടുകമ്പ് പരിശോധിക്കുക.
2. ഗവണ്‍മെന്‍റിന്‍െറ പ്രവര്‍ത്തനങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്തുക.
3. ബജറ്റ് ചര്‍ച്ചചെയ്യുക, ഡിമാന്‍ഡ് ഫോര്‍ ഗ്രാന്‍റ് പരിശോധിക്കുകയും തങ്ങള്‍ പ്രതിനിധാനംചെയ്യുന്ന നിയോജകമണ്ഡലങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം തേടുകയും ചെയ്യുക.
നിയമനിര്‍മാണത്തിനായുള്ള സമയം
സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള ഇന്ത്യയിലെ നിയമനിര്‍മാണ സഭകളുടെ ചരിത്രം പരിശോധിച്ചാല്‍ നിയമനിര്‍മാണത്തിനായി ചെലവഴിക്കുന്ന സമയം ക്രമാനുഗതമായി കുറയുന്നതായി കാണാം. 2008ല്‍ എട്ട് ബില്ലുകളാണ് 17 മിനിറ്റിനുള്ളില്‍ നമ്മുടെ പാര്‍ലമെന്‍റ് പാസാക്കിയത്. സര്‍ക്കാറിന് അഗ്നിപരീക്ഷയാകുന്ന ചോദ്യോത്തരവേളകള്‍ പോലും ഫലപ്രദമായി അംഗങ്ങള്‍ ഉപയോഗിക്കുന്നില്ല. 2009ല്‍ 28 എം.പിമാരാണ് ചോദ്യോത്തരവേളയില്‍ ഹാജരാകാതിരുന്ന് ആ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത്. സഭയില്‍ അവതരിപ്പിക്കുന്ന നിയമങ്ങള്‍ അവധാനതയോടെ പരിശോധിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുരൂപമായി നിയമങ്ങള്‍ നിര്‍മിക്കാനുള്ള ഭരണഘടനാപരമായ ചുമതലകള്‍ ഇവിടെ വിസ്മരിക്കപ്പെടുകയും സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെ നിതാന്തജാഗ്രതയോടെ പരിശോധിക്കണമെന്ന കര്‍ത്തവ്യവും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
1952 മുതല്‍ 1972 വരെ ലോക്സഭയുടെ ശരാശരി പ്രവൃത്തിദിനങ്ങള്‍ പ്രതിവര്‍ഷം 120 ദിവസമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദശകത്തില്‍ അത് 70 പ്രവൃത്തിദിനമായി ചുരുങ്ങി. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ഭേദഗതി ചെയ്തുകൊണ്ട് ലോക്സഭയുടെ ചുരുങ്ങിയ പ്രവൃത്തിദിവസം 120 ദിനങ്ങളായും രാജ്യസഭയുടേത് 100 ദിനങ്ങളായും നിജപ്പെടുത്തണമെന്നും ഭരണഘടന പുനരവലോകന സമിതി കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. പ്രതിവര്‍ഷം കുറഞ്ഞത് 130 ദിവസങ്ങളെങ്കിലും പാര്‍ലമെന്‍റ് കൂടിയിരിക്കണമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി 2008ല്‍ നിര്‍ദേശിക്കുകയുണ്ടായി.
സംസ്ഥാനങ്ങളിലെ നിയമനിര്‍മാണ സഭകളുടെ അവസ്ഥയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. പ്രശ്നം രൂക്ഷമായപ്പോള്‍ ചില നിയമസഭകള്‍ നടപടി ചട്ടങ്ങളില്‍ത്തന്നെ ഏറ്റവും കുറഞ്ഞ പ്രവൃത്തിദിനങ്ങള്‍ നിര്‍ണയിച്ചു. ഉത്തര്‍പ്രദേശും ഒഡിഷയും ഉദാഹരണം. പക്ഷേ, കാര്യമായ മാറ്റങ്ങളൊന്നും അവിടെയും ഉണ്ടായില്ല. ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഈ മാറ്റം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂ. പക്ഷേ, പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം സഭയിലെ ചര്‍ച്ചകളില്‍ ഗുണപരമായ മാറ്റം ഉണ്ടാകുമെന്ന് അനുഭവത്തിന്‍െറ അടിസ്ഥാനത്തില്‍ കരുതാനാവില്ല.
നിയമനിര്‍മാണം കേരള നിയമസഭയില്‍
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിയമനിര്‍മാണ ദിനങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും നിയമസഭയുടെ ആദ്യവര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രവൃത്തിദിനങ്ങള്‍ കുറയുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. ഹരിയാനയില്‍ 2009 മാര്‍ച്ചിനുശേഷം 10 നിയമസഭാ സമ്മേളനങ്ങള്‍ മാത്രമാണ് നടന്നത്. ഹരിയാനയുടെ മുന്നില്‍ കേരളം ഏറെ മെച്ചപ്പെട്ടതാണെന്ന് പറയാമെങ്കിലും നിയമനിര്‍മാണ ചരിത്രത്തില്‍ അഭിജാതമായ പാരമ്പര്യമുള്ള കേരള നിയമസഭക്ക് ഇന്നത്തെ അവസ്ഥ തീര്‍ത്തും അപമാനകരമാണ്. നിയമസഭയില്‍ കാര്യമായി ചര്‍ച്ചചെയ്യാതെ നിരവധി ബില്ലുകള്‍ പാസാകുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2001 മുതല്‍ 2006 വരെ 14 ബില്ലുകളാണ് ചര്‍ച്ചചെയ്യാതെ സഭ പാസാക്കിയത്. 2006 മുതല്‍ 2011 വരെ 21 ബില്ലുകള്‍ക്കും ചര്‍ച്ചയുണ്ടായില്ല.
12ാം നിയമസഭയുടെ (2006-2011) കാലത്താണ് ഏറ്റവും അധികം വാക്കൗട്ടുകള്‍ നടന്നത്. 128 എണ്ണം. 13ാം നിയമസഭയുടെ (2011) 10ാം സമ്മേളനം വരെ മാത്രം 104 വാക്കൗട്ടുകള്‍ നടന്നെങ്കില്‍ 112 വാക്കൗട്ടുകളാണ് എട്ടാം നിയമസഭാ സമ്മേളനത്തില്‍ നടന്നത്
ഓര്‍ഡിനന്‍സ് രാജ്
ഭരണഘടനയുടെ 123ാം അനുച്ഛേദപ്രകാരം രാഷ്ട്രപതിക്കും 113ാം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ക്കും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ട്. നിയമനിര്‍മാണ സഭ പാസാക്കുന്ന നിയമം പോലത്തെന്നെ പ്രാബല്യവും ഫലവും ഈ ഓര്‍ഡിനന്‍സിനുണ്ടാകും. പാര്‍ലമെന്‍റ് അല്ളെങ്കില്‍ നിയമസഭ സമ്മേളിച്ച് ആറാഴ്ച കഴിയുന്നതിനുമുമ്പ് ഈ നിയമം സമര്‍പ്പിക്കണം. ഈ വ്യവസ്ഥ പാലിക്കാതിരിക്കുകയോ ആറാഴ്ചക്കുള്ളില്‍ നിയമനിര്‍മാണ സഭ എതിരഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്താല്‍ ഓര്‍ഡിനന്‍സ് അസാധുവാകും. നിയമങ്ങളുമായി സഭയെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണോ? സഭ സമ്മേളിക്കുമ്പോഴും ഓര്‍ഡിനന്‍സുകള്‍ പലതും സഭയില്‍ എത്താറില്ല. കാലഹരണപ്പെടുന്നതിനുമുമ്പ് ഗവര്‍ണര്‍ അത് പുനര്‍ജീവിപ്പിക്കും. ഭരണഘടനാ നിര്‍മാണ സഭയില്‍ ചര്‍ച്ചയില്‍ തന്നെ ക്രാന്തദര്‍ശികളായ ഭരണഘടനാ ശില്‍പികള്‍ ഈ വ്യവസ്ഥയുടെ ദുരുപയോഗ സാധ്യതയോര്‍ത്ത് ആകുലരായിരുന്നു. അവരുടെ ആശങ്ക അസ്ഥാനത്തായില്ല.
1947 ആഗസ്റ്റ് 15നുശേഷം 779 ഓര്‍ഡിനന്‍സുകള്‍ രാഷ്ട്രപതി പുറപ്പെടുവിച്ചു. ജനാധിപത്യവാദിയായ നെഹ്റുവിന്‍െറ കാലത്ത് 200 ഓര്‍ഡിനന്‍സുകള്‍ ഉണ്ടായി. 6,126 ദിവസം അധികാരത്തിലിരുന്നപ്പോഴാണത്. ശരാശരി ഓരോ 30 ദിവസവും ഒരു ഓര്‍ഡിനന്‍സ് വീതം പുറപ്പെടുവിച്ചു. ഇന്ദിര ഗാന്ധിയുടെ കാലമായപ്പോഴേക്കും ഓരോ 28 ദിവസവും ഒരു ഓര്‍ഡിനന്‍സ് എന്ന രീതിയിലായി. 5825 ദിവസം അധികാരത്തിലിരുന്നപ്പോള്‍ 208 ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു. നരസിംഹറാവുവിന്‍െറ ഭരണകാലം ഓര്‍ഡിനന്‍സിന്‍െറ പൂക്കാലമായി മാറി. 16 ദിവസം കൂടുമ്പോഴും ഒരു ഓര്‍ഡിനന്‍സ്. വാജ്പേയി സര്‍ക്കാര്‍ ഓരോ 39 ദിവസവും ഒന്ന് എന്ന നിരക്കിലായി. ലാല്‍ബഹാദൂര്‍ ശാസ്ത്രി നല്ല മാതൃക സൃഷ്ടിച്ചു. 581 ദിവസത്തെ ഭരണത്തില്‍ ആകെ ഒമ്പത് ഓര്‍ഡിനന്‍സ് മാത്രം. 65 ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍. ബിഹാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച രീതി നേരത്തേ അറിയാന്‍ ഭരണഘടനാ ശില്‍പികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയൊരു വ്യവസ്ഥ തന്നെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുമായിരുന്നില്ല എന്ന് കരുതുന്നതായിരിക്കും ശരി. 1971 മുതല്‍ 1981 വരെ 2000 ഓര്‍ഡിനന്‍സുകള്‍ ബിഹാറില്‍ പുറപ്പെടുവിച്ചു. ഓര്‍ഡിനന്‍സിന്‍െറ ചുരുങ്ങിയ ജീവിതകാലം കഴിയുമ്പോള്‍ പിന്നെയും പിന്നെയും കൃത്രിമ ശ്വാസം നല്‍കി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചു. അടിയന്തര സാഹചര്യം എന്ന ഭരണഘടനാ വ്യവസ്ഥ നോക്കുകുത്തിയായി. ഏഴുമാസവും 12 ദിവസവുമാണ് പരമാവധി ഓര്‍ഡിനന്‍സിന്‍െറ കാലാവധി.
ചില ഓര്‍ഡിനന്‍സുകള്‍ 14 വര്‍ഷം വരെ ജീവിച്ചു. 256 ഓര്‍ഡിനന്‍സുകള്‍ ഒരു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ തുടര്‍ന്നു. ബിഹാറിലെ കാര്‍ഷിക മേഖലയിലെ പരിഷ്കരണത്തിനായി പ്രവര്‍ത്തിക്കുന്ന ഡോ. ഡി.സി. വാധ്വാ ഭരണഘടനാ വിരുദ്ധമായ ഈ നടപടിയെ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തു. ‘ഇത്തരത്തില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ ഭരണഘടനയത്തെന്നെ വഞ്ചിക്കുന്നതാണെന്ന്’ അഭിപ്രായപ്പെട്ട സുപ്രീംകോടതി ഓര്‍ഡിനന്‍സ് അസാധുവായി പ്രഖ്യാപിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ഉള്‍പ്പെടെ എട്ട് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ച മോദിസര്‍ക്കാറിന്‍െറ ഓര്‍ഡിനന്‍സ് രാജ്പ്രതിപക്ഷത്തിന്‍െറ രൂക്ഷവിമര്‍ശത്തിന് വിധേയമായി.
സഭയില്‍ നിയമനിര്‍മാണം നടത്താന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ളെങ്കില്‍ എന്തുചെയ്യും എന്ന് ഭരണകക്ഷി ചോദിക്കുന്നു. യു.പി.എ സര്‍ക്കാറടക്കം എല്ലാ കോണ്‍ഗ്രസ് സര്‍ക്കാറുകളും ഓര്‍ഡിനന്‍സ് വന്‍തോതില്‍ ഇറക്കിയിട്ടുണ്ടെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി പറയുന്നു. എല്ലാ സര്‍ക്കാറുകളും ഇതുതന്നെയാണ് പറയുന്നത്. രാഷ്ട്രീയ കക്ഷികള്‍ മാത്രമാണ് മാറുന്നത്.
നിയമനിര്‍മാണ സഭകളുടെ മൂല്യശോഷണത്തിന് പല കാരണങ്ങള്‍് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ക്രിമിനല്‍വത്കരിക്കപ്പെട്ട രാഷ്ട്രീയം, കുറ്റവാളികള്‍ നിയമസഭാ സാമാജികരാകുന്നതിലുണ്ടായ പെരുപ്പം ശക്തമായ നിയമങ്ങളുടെ അപര്യാപ്തത, നിയമം നടപ്പാക്കുന്നതിലെ അലംഭാവം, രാഷ്ട്രീയ ഭരണരംഗത്തെ വ്യാപക അഴിമതി, ക്രിയാത്മകമല്ലാത്ത നിയമസഭാ റിപ്പോര്‍ട്ടിങ് തുടങ്ങിയവ പ്രധാന കാരണങ്ങളാണ്.
നിയമസഭയില്‍നിന്ന് അഞ്ചുവര്‍ഷത്തിനുശേഷം ജനസമക്ഷത്തിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ തങ്ങളുടെ പ്രതിനിധി എങ്ങനെ നിയമസഭയില്‍ പ്രവര്‍ത്തിച്ചുവെന്ന് ശരിയായി വിലയിരുത്തുമ്പോഴാണ് ഇന്ത്യന്‍ പൗരന്‍, ജനാധിപത്യത്തിന്‍െറ വിധാതാവും വിധികര്‍ത്താവുമായി പരിണമിക്കുന്നത്.

Comments