antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

‘ഇന്ത്യയുടെ പുത്രി ’പറയുന്നത് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

‘ഇന്ത്യയുടെ പുത്രി ’പറയുന്നത്

വെങ്കടേഷ് രാമകൃഷ്ണൻ
Published on Monday, March 09 2015
img

(www.uppalavisionnews.com) 1980കളുടെ തുടക്കത്തില്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട നര്‍ഗീസിന്‍െറ പേരുകേട്ട ഒരു വിവാദ പ്രസ്താവനയുണ്ട്. സത്യജിത് റേയെപ്പോലെയുള്ള യഥാതഥ (റിയലിസ്റ്റിക്) ചലച്ചിത്രകാരന്മാര്‍ ഇന്ത്യയുടെ ദാരിദ്ര്യം വിദേശത്തേക്കു കയറ്റി അയക്കുകയാണ് എന്നാണ് അവര്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിനകത്തു തന്നെ പ്രസ്താവിച്ചത്. സത്യജിത് റേയുടെ ചലച്ചിത്രജീവിതവും സാമൂഹിക വീക്ഷണവും അതിനെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആസ്വാദകര്‍ കൈക്കൊണ്ട രീതിയുമൊക്കെ ഒരു തലത്തില്‍ ഇന്ത്യയുടെ പൊതുവികസനത്തിന്‍െറ തന്നെ നിദര്‍ശനമായിരുന്നു എന്ന് മനസ്സിലാക്കാന്‍ പ്രശസ്തയായ ആ അഭിനേത്രിക്ക് കഴിഞ്ഞില്ല. അവരുടെ സംവേദനക്ഷമതയുടെ പോരായ്മയായി മാത്രം അക്കാലത്ത് ആ പരാമര്‍ശത്തെ കണ്ടവര്‍ ഏറെയുണ്ടായിരുന്നു. എങ്കിലും, അത് ഏറ്റുപിടിക്കാനും കൊണ്ടാടാനും തയാറായ ഒരുപാടാളുകള്‍ ഇന്ത്യന്‍ സമൂഹത്തിന്‍െറ എല്ലാ ശ്രേണികളില്‍ നിന്നും ഉയര്‍ന്നുവരുകയുമുണ്ടായി. അപ്രിയ സത്യങ്ങള്‍ ഒളിച്ചുവെക്കാനും അങ്ങനെ ഒളിച്ചുവെച്ചാല്‍ അതില്ലാതായിക്കൊള്ളുമെന്നുമുള്ള ഒരു ഭാരതീയ സാമൂഹിക ശാസ്ത്ര പ്രതിഭാസത്തിന്‍െറ തുടര്‍ച്ചയാണ് നര്‍ഗീസ് പ്രദര്‍ശിപ്പിക്കുന്നത് എന്നു പറഞ്ഞ നിരീക്ഷകരും ഉണ്ടായിരുന്നു.
ഏതാണ്ട് മൂന്നരപ്പതിറ്റാണ്ടിനു ശേഷം, ലെസ്ലി ഉദ്വിന്‍ എന്ന ഡോക്യുമെന്‍ററി സംവിധായികക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ സാമൂഹിക ശാസ്ത്ര വിശകലനത്തിന്‍െറ തലത്തില്‍ ഇന്ത്യ 80കളില്‍ സ്തംഭിച്ചുനില്‍ക്കുകയാണോ എന്ന ചോദ്യം വലിയ ശബ്ദത്തോടെ ഉയര്‍ത്തുന്നു. ലോകബാങ്കും ഈയിടെ കുഴിമാന്തി അടക്കം ചെയ്യപ്പെട്ട ആസൂത്രണ കമീഷനുമൊക്കെ കാലാകാലങ്ങളില്‍ പുറത്തുവിട്ടിട്ടുള്ള സ്ഥിതിവിവരക്കണക്കുകള്‍ എടുത്തുകാട്ടുന്നത് മൂന്നരപ്പതിറ്റാണ്ടിനുള്ളില്‍ ഏറെ മുന്നോട്ടു പോയ ഒരു രാജ്യത്തെയാണ്. ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജി.ഡി.പി) യുടെ അടിസ്ഥാനത്തിലുള്ള ആളോഹരി വരുമാനം ഈ കാലയളവില്‍ ഏതാണ്ട് അഞ്ച് മടങ്ങ് വര്‍ധിച്ചെന്നാണ് ഈ കണക്കുരാക്ഷസന്മാര്‍ പറയുന്നത്. വിദ്യാഭ്യാസരംഗത്ത് 27 ശതമാനം ജനങ്ങള്‍ കൂടി സാക്ഷരതയുടെയും പ്രാഥമിക വിദ്യാഭ്യാസത്തിന്‍െറയും മേഖലയിലേക്ക് കടന്നുവന്ന കാലഘട്ടം കൂടിയായിരുന്നു ഇത് എന്നും ഈ കണക്കുകള്‍ പറയുന്നു. സാക്ഷരതാ വളര്‍ച്ചയുടെ കാര്യത്തില്‍ ലിംഗാടിസ്ഥാനത്തിലുള്ള ഒരു വിശകലനം ശ്രദ്ധേയമാണ്. പുരുഷന്മാരുടെ സാക്ഷരത 75 ശതമാനത്തില്‍ കുറഞ്ഞ രണ്ട് സംസ്ഥാനങ്ങളേ ഇന്ത്യയിലുള്ളൂ; ബിഹാറും അരുണാചല്‍ പ്രദേശും. ബാക്കി എല്ലായിടത്തും പുരുഷ സാക്ഷരത 80 ശതമാനത്തിനടുത്തോ, മുകളിലോ ആണ്.
മഹാത്മാഗാന്ധി മുതല്‍ ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലും ബി.ആര്‍. അംബേദ്കറും വരെയുള്ള ദേശീയ സമര നായകര്‍ വിശ്വസിച്ചത്, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉയര്‍ന്ന സാംസ്കാരിക ബോധത്തിലേക്കും കൂടുതല്‍ സഹിഷ്ണുതാപൂര്‍ണവും ജനാധിപത്യപരവുമായ ഒരു സമൂഹത്തിന്‍െറ ഘടനയിലേക്കും നയിക്കുമെന്നാണ്. പക്ഷേ ലെസ്ലി ഉദ്വിനും ‘ഇന്ത്യയുടെ പുത്രി’ എന്ന അവരുടെ ഡോക്യുമെന്‍ററിക്കും ലഭിച്ച സ്വീകരണവും പ്രതികരണവും ലോകത്തോട് പറയുന്നത്, അത്ര വലിയ പ്രതീക്ഷയൊന്നും ഈ ഘടകങ്ങളില്‍ അര്‍പ്പിക്കുന്നവരല്ല ഇന്ത്യന്‍ സമൂഹമെന്നാണ്. പ്രത്യേകിച്ചും, ഇന്ത്യന്‍ പാര്‍ലമെന്‍റിലും മറ്റും വലിയ ശബ്ദമുണ്ടാക്കുന്ന ഭരണകര്‍ത്താക്കളും സാമാജികരും തമസ്കരണം കൊണ്ട് യാഥാര്‍ഥ്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവരാണ് എന്നും ലെസ്ലി ഉദ്വിന്‍െറ അനുഭവം ലോകത്തോട് പറയുന്നു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനുവേണ്ടി ഇന്ത്യയുടെ പുത്രി (India’s Daughter) എന്ന ഡോക്യുമെന്‍ററി ഉണ്ടാക്കി എന്നതാണ് ലെസ്ലി ഉദ്വിന്‍ നേരിട്ട അനുഭവങ്ങള്‍ക്കെല്ലാം നിദാനം.
ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് ഇന്ത്യന്‍ മനസ്സാക്ഷിയെ പിടിച്ചുലച്ച ‘ഡല്‍ഹി ബലാത്സംഗ കേസ്’ ആണ് ഇന്ത്യയുടെ പുത്രിയുടെ പ്രതിപാദ്യം. ബലാത്സംഗത്തിന് വിധേയയായ പെണ്‍കുട്ടിയുടെ ബന്ധു മിത്രാദികള്‍ മുതല്‍ അന്വേഷണ ഉദ്യോഗസ്ഥരും കേസില്‍ ഇടപെട്ട അഭിഭാഷകരും ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവു വരെയും ഈ ഡോക്യുമെന്‍ററിയില്‍ ചിത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും സ്തോഭജനകമായ മുഖാമുഖങ്ങളുള്ള ഈ ഡോക്യുമെന്‍ററി ആത്യന്തികമായി ഒരു കണ്ണുതുറപ്പന്‍ സര്‍ഗപ്രക്രിയയാണ്.
മൃഗീയമായ ബലാത്സംഗത്തിന് വിധേയയായി മരിച്ച യുവതിയുടെ പിതാവ് ബദ്രിനാഥ് സിങ്ങും ഡോക്യുമെന്‍ററിയെ വിശേഷിപ്പിക്കുന്നത്, ഇന്ത്യയുടെ സാമൂഹിക മനസ്സിനുമുന്നില്‍ ഉയര്‍ത്തിപ്പിടിച്ച കണ്ണാടി എന്നാണ്. “നമ്മുടെ മാനസികാവസ്ഥ എത്ര മോശമാണെന്നും നമ്മള്‍ നമ്മുടെ കുട്ടികളെ എത്ര വികൃതമായാണ് കാണുന്നതെന്നും ഈ ഡോക്യുമെന്‍ററി പറയുന്നു.” പക്ഷേ, ബദ്രിനാഥ് സിങ്ങിന്‍െറയോ, അദ്ദേഹത്തെപ്പോലെയുള്ള മറ്റനേകം മനുഷ്യരുടെയോ, ഇത്തരത്തിലുള്ള വാദമുഖങ്ങളൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോ, അദ്ദേഹത്തോടൊപ്പം രാജ്യം ഭരിക്കുന്ന മറ്റ് മന്ത്രിമാര്‍ക്കോ സാമാജികര്‍ക്കോ പ്രസക്തമല്ല. ‘ഇന്ത്യയുടെ പുത്രി’ സംപ്രേഷണം ചെയ്യരുത് എന്ന് ബി.ബി.സിക്ക് നിര്‍ദേശം നല്‍കി,
യാഥാര്‍ഥ്യത്തിന്‍െറ ഈ കണ്ണാടി തച്ചുതകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. ‘ദിവംഗതയായ യുവതിയുടെ പ്രതിച്ഛായ നശിപ്പിക്കുകയാണ് ‘ഇന്ത്യയുടെ പുത്രി’ ചെയ്യുന്നത്’ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ സംപ്രേഷണ നിരോധന ഉത്തരവ് പറയുന്നത്. ഇന്ത്യയുടെ പാര്‍ലമെന്‍ററി മന്ത്രി വെങ്കയ്യ നായിഡു ഒരു പടി കൂടി മുന്നോട്ടു കടന്ന്, പഴയ ഗൂഢാലോചനാ സിദ്ധാന്തം പുറത്തെടുത്തിരിക്കുന്നു. ഇന്ത്യയുടെ യശസ്സ് കെടുത്താനുള്ള ഒരു സാര്‍വദേശീയ ഗൂഢാലോചനയുടെ ഭാഗമാണ് ഡോക്യുമെന്‍ററി എന്നാണ് വെങ്കയ്യയുടെ പ്രസ്താവം. ഭാഗ്യം, നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്‍െറ സര്‍ക്കാറിന്‍െറയും യശസ്സില്‍നിന്ന് യശസ്സിലേക്കുള്ള വെച്ചടി കയറ്റമാണ് ഈ ഗൂഢാലോചനക്കു അടിസ്ഥാനം എന്നദ്ദേഹം പറഞ്ഞില്ല.
ഇന്ത്യന്‍ ദാരിദ്ര്യത്തെ ആഘോഷിക്കുന്ന രോഗം. അന്നും നായിഡുവില്‍നിന്ന് ഉണ്ടായതുപോലെയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളും സത്യജിത് റേയില്‍ ചാര്‍ത്തപ്പെട്ടിരുന്നു. മൂന്നരപ്പതിറ്റാണ്ടിനിപ്പുറം, ഈ ഗൂഢാലോചനാ സിദ്ധാന്ത നിര്‍മാണം ഏതാണ്ട് ഒരു ഫാക്ടറി ഉല്‍പാദന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. വെന്‍റി ഡോണിഗറുടെ പുസ്തകങ്ങള്‍ നിരോധിക്കപ്പെട്ടപ്പോഴും അവ പരസ്യമായി അഗ്നികുണ്ഠത്തിലെറിയപ്പെട്ടപ്പോഴും ആള്‍ ദൈവങ്ങളെ കളിയാക്കുന്ന ആമിര്‍ ഖാന്‍െറ പി.കെ എന്ന സിനിമക്കെതിരായ പ്രക്ഷോഭം ഇന്ത്യ മുഴുവന്‍ അഴിച്ചുവിട്ടപ്പോഴും ഒക്കെ, ‘ഇന്ത്യയുടെ യശസ്സ് കെടുത്താനുള്ള ഗൂഢാലോചന’ എന്ന വായ്ത്താരി ഉറക്കെ, ഉറക്കെ മുഴങ്ങുന്നുണ്ടായിരുന്നു. അസഹിഷ്ണുതാ പ്രകടനങ്ങള്‍ക്ക് കളവും വളവുമൊരുക്കുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയും ഇന്ന് ഇന്ത്യയിലുണ്ട്.
ജനാധിപത്യവും സഹിഷ്ണുതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ‘ഇന്ത്യയുടെ പുത്രി’യുടെ നിരോധമടക്കമുള്ള ഭരണനടപടികള്‍ ലോകത്തോട് പറയുന്നത് ഇത് വീണ്‍വാക്കാണ് എന്നാണ്.
വികസനത്തിന്‍െറ വലിയ സങ്കല്‍പങ്ങളും അത് പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികളുമൊക്കെ വീണ്ടും വീണ്ടും വായുവില്‍ എറിയുമ്പോഴും ഇത്തരം അഭിപ്രായ സ്വാതന്ത്ര്യ നിരോധം ഒരു സമൂഹത്തിന്‍െറയും ജനതയുടെയും മുന്നോട്ടുള്ള പ്രയാണം എന്താകും എന്നതിനെക്കുറിച്ച് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരാശാപൂര്‍ണവും ഭീതിജനകവുമാണ്.

Comments