antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ദിമാപൂരിലെ ബലി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ദിമാപൂരിലെ ബലി

കാസിം ഇരിക്കൂര്‍
Published on Sunday, March 15 2015
img

www.uppalavisionnews.com) വനിതാദിനം കൊണ്ടാടാന്‍ ലോകം ഒരുങ്ങുന്നതിനിടയില്‍ മാര്‍ച്ച് അഞ്ചിന്, ‘ഇന്ത്യയുടെ പുത്രി’ എന്ന വിവാദ ഡോക്യുമെന്‍ററിയുടെ നിരോധം ആഗോളതലത്തില്‍ സംവാദങ്ങള്‍ തുറന്നിട്ട ഒരു സന്ദര്‍ഭത്തിലാണ് ‘ബ്രേക്കിങ് ന്യൂസി’ന്‍െറയോ ‘ഫ്ളാഷ് ന്യൂസി’ന്‍െറയോ തൊങ്ങല്‍ ചാര്‍ത്തപ്പെടാതെ ആ വാര്‍ത്ത നമ്മെ തേടിയത്തെുന്നത്. ജയിലിലടക്കപ്പെട്ട ബലാത്സംഗക്കേസ് പ്രതിയെ ജനം പിടിച്ചുകൊണ്ടുപോയി നഗരമധ്യത്തില്‍ അടിച്ചുകൊന്നു എന്നും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിവെച്ചതില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു ആദ്യം കേട്ടത്.
ബലാത്സംഗത്തിന് ഇരയായത് 19വയസ്സുള്ള നാഗാ പെണ്‍കുട്ടിയാണെന്നും ജനരോഷത്തില്‍ ബലികഴിക്കപ്പെട്ടത് ‘ബംഗ്ളാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനായ’ ഫരീദ് ഖാന്‍ എന്ന മുസ്ലിമിനെയാണെന്നുംകൂടി വിശദീകരിക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ‘നിര്‍ഭയ’ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീണ്ടും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ മഹത്തായ ഒരു കൃത്യമാണ് നിറവേറ്റപ്പെട്ടതെന്ന പ്രതീതി ജനിപ്പിക്കുന്ന വിധമാണ് മീഡിയ വിഷയത്തെ കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെയാണ്, യുവാവിന്‍െറ കൊല ‘സാമൂഹിക വിപ്ളവത്തിന്‍െറ’ (സാമാജിക് ക്രാന്തി) ആരംഭമാണെന്ന് ബി.ജെ.പി എം.എല്‍.എ ഉഷാ താക്കൂര്‍ എടുത്തുചാടി അഭിപ്രായപ്പെട്ടത്. ബലാത്സംഗത്തിന് മുതിരുന്ന ആണുങ്ങളെ ഇതുപോലെ പരസ്യമായി തെരുവില്‍ തൂക്കിക്കൊല്ലണമെന്നും ദിമാപൂരിലെ ജനത്തിന്‍െറ ചെയ്തി മാതൃകയായി എടുക്കണമെന്നുംവരെ ഉഷ ആക്രോശിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍, യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണ്? ഫാഷിസത്തിന്‍െറ കുടില ചിന്തകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നിടത്ത് യശശ്ശരീരനായ എം.എന്‍. വിജയന്‍ ഓര്‍മപ്പെടുത്തുന്ന ഒരു സത്യമുണ്ട്: നിങ്ങളുടെ പേരു മാത്രം നോക്കി രാജ്യത്തിന്‍െറ ഏതു ഭാഗത്തുനിന്നും ഭരണകൂടത്തിനു നിങ്ങളെ പിടിച്ചുകൊണ്ടുപോകാം. കാരണം, പേരുതന്നെ സൂചിപ്പിക്കുന്നത് നിങ്ങള്‍ പിടിച്ചുകൊണ്ടുപോകേണ്ടവനാണെന്ന്. ദിമാപൂരില്‍ സംഭവിച്ചത് അതാണ്. നാഗാലാന്‍ഡിലെ ഏക വ്യാപാരകേന്ദ്രമായ ദിമാപൂരില്‍ പഴയ ഇരുമ്പ് സാധനങ്ങളുടെ കച്ചവടം നടത്തുന്ന സയ്യിദ് ശരീഫുദ്ദീന്‍ ഖാന്‍ (ഫരീദ് ഖാന്‍ പൊലീസ് തെറ്റായി നല്‍കിയ പേരാണത്രെ) എന്ന മുപ്പത്തഞ്ചുകാരനെതിരെ 19വയസ്സുള്ള നാഗാ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് കേസ് കൊടുത്തതോടെയാണ് തുടക്കം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് ഇയാളെ ജയിലിലടച്ചു. പത്തുദിവസം കഴിഞ്ഞപ്പോഴേക്കും പ്രതിയെ തങ്ങള്‍ക്കു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാഗാ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ വന്‍ സംഘം ജയിലിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി പൊലീസും ജയില്‍ അധികൃതരും നോക്കിനില്‍ക്കെ ജയില്‍ കവാടം തകര്‍ത്തു പതിനായിരക്കണക്കിനു യുവാക്കള്‍ (തൊണ്ണൂറായിരത്തിലേറെ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്) ശരീഫുദ്ദീന്‍ ഖാനെ പിടിച്ചുകൊണ്ടുവന്ന് പൂര്‍ണനഗ്നനാക്കി നടുറോഡിലൂടെ ഓടിക്കുകയായിരുന്നു.
അതിനിടയില്‍ ജനം അടിച്ചും കല്ളെറിഞ്ഞും ശിക്ഷ നടപ്പാക്കുന്നുണ്ടായിരുന്നു. ഓടിയോടിത്തളര്‍ന്ന യുവാവ് പട്ടണനടുവില്‍ വീണപ്പോള്‍ ഒരു ബൈക്കില്‍ കെട്ടി ഏഴു കിലോമീറ്ററോളം ജനമധ്യത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. അപ്പോഴും കല്ലുകളും കുപ്പികളും ആ ദേഹത്ത് വന്നുപതിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ ജീവന്‍ വെടിഞ്ഞ ആ ശരീരം ക്ളോക്ക്ടവറില്‍ കെട്ടിത്തൂക്കി. രംഗം കാണാന്‍ വന്‍ ജനക്കൂട്ടം സമീപപ്രദേശത്തുനിന്നുപോലും ഓടിയത്തെുകയും ഹര്‍ഷാരവം മുഴക്കുകയും മാത്രമല്ല, ജയില്‍ലില്‍നിന്ന് കൊണ്ടുവന്നത് മുതല്‍ക്കുള്ള ദൃശ്യങ്ങള്‍ മുഴുവന്‍ മൊബൈലില്‍ പകര്‍ത്തുന്നതില്‍ ഹിസ്റ്റീരിയ ബാധിച്ചതുപോലെ മത്സരിക്കുന്നുമുണ്ടായിരുന്നു. പട്ടാപ്പകല്‍ നിയമപാലകരുടെയും ജില്ലാ അധികൃതരുടെയും കണ്‍മുന്നില്‍വെച്ചാണ് ഈ കാട്ടാളത്തമത്രയും അരങ്ങേറിയതെന്നോര്‍ക്കണം. ആരും അനങ്ങിയില്ല. തടുക്കാന്‍ ചെന്നുമില്ല. സ്കൂള്‍, കോളജ് യൂനിഫോം അണിഞ്ഞ വിദ്യാര്‍ഥികളെ ബലപ്രയോഗത്തിലൂടെ തടയാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ളെന്നുപറഞ്ഞ് ദിമാപൂര്‍ എസ്.പി മെരന്‍ ജമീര്‍ കൈകഴുകാന്‍ ശ്രമിക്കുകയാണ്. ജനക്കൂട്ടം നിര്‍ബന്ധിച്ചപ്പോള്‍ ജയില്‍ അധികൃതര്‍ കവാടം തുറന്നു പ്രതിയെ കാണിച്ചുകൊടുക്കുകയായിരുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.
മനുഷ്യകഴുകന്മാര്‍ കൊത്തിവലിച്ച ആ മൃതദേഹം പിറ്റേന്ന് രാവിലെ സ്വദേശമായ അസമിലേക്ക് കൊണ്ടുപോയപ്പോഴാണ് ഈ ‘ബംഗ്ളാദേശ് നുഴഞ്ഞുകയറ്റക്കാരന്‍’ വാസ്തവത്തില്‍ ആരാണെന്ന് ലോകം അറിയുന്നത്. അസമിലെ കരീംഗഞ്ച് ജില്ലയിലെ ബോസ്ലാ ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ അംഗമാണീ ഈ ഹതഭാഗ്യന്‍. ഇദ്ദേഹത്തിന്‍െറ പിതാവ് 20വര്‍ഷം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചുസഹോദരങ്ങളില്‍ ഒരാള്‍ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന് എതിരെ പോരാടി രക്തസാക്ഷ്യം വരിച്ചിരുന്നു.
രണ്ടുസഹോദരങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ വ്യോമസേനാംഗങ്ങളാണ്. പത്തിരുപത് വര്‍ഷമായി യുവാവ് നാഗാലാന്‍ഡില്‍ വന്നു ജോലിചെയ്യാന്‍ തുടങ്ങിയിട്ട്. ആകെ ചെയ്ത തെറ്റ് ഒരു നാഗാ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി എന്നതാണ്. ഈ യുവതിയാവട്ടെ ഇയാളുടെ ഭാര്യയുടെ ബന്ധുവാണത്രെ. ഒരേ കോമ്പൗണ്ടില്‍ അടുത്തടുത്ത വാടക വീടുകളിലാണ് ഇരുവരും താമസിക്കുന്നത്. തന്നെ ഇയാള്‍ രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ എത്രത്തോളം സത്യമുണ്ടെന്ന് പൊലീസ് പോലും സംശയിക്കുന്നുണ്ട്. കേസിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ജയില്‍ തകര്‍ത്ത് യുവാവിനെ പുറത്തുകൊണ്ടുവരാനും ഇമ്മട്ടില്‍ പേപ്പട്ടിയെപോലെ തല്ലിക്കൊല്ലാനും ജനം ഒരുമ്പെടുന്നത്. ഇമ്മട്ടിലൊരു കാപാലികത പുറത്തെടുക്കാന്‍ ജനത്തെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്താണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് മുസ്ലിംകളെ ശത്രുവും ദേശദ്രോഹികളുമായി കാണുന്ന പൊതുബോധത്തിന്‍െറ മലീമസമായ വര്‍ത്തമാനകാല വിചാരഗതിയിലാണ്. യുവതി ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടില്ളെന്നാണ് പ്രാഥമിക വൈദ്യപരിശോധന നല്‍കുന്ന സൂചന. പൊലീസ് തങ്ങളുടെ ഭാഷ്യം മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
ദിമാപൂരിലെ ഓറിയന്‍റല്‍ ഹോട്ടലിലെ സി.സി.ടി.വി കാമറയില്‍ പകര്‍ത്തപ്പെട്ട ചിത്രം എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ലോകത്തോട് വിളിച്ചുപറയുന്നുണ്ട്. ഒറ്റക്ക് ഹോട്ടലിലേക്ക് കയറിപ്പോകുന്ന യുവതി കുറെ നേരം കഴിഞ്ഞു രണ്ടുപേരോടൊപ്പം തിരിച്ചുവരുന്നു. ബലപ്രയോഗത്തിന്‍െറയോ പീഡനത്തിന്‍െറയോ ഭാവങ്ങളോ അടയാളങ്ങളോ ദൃശ്യമല്ലത്രെ. പിന്നെന്തുകൊണ്ട് യുവാവിനെതിരെ ജനം ഇത്രക്കും ക്രൂരമായി തിരിഞ്ഞു എന്ന ചോദ്യത്തിനു പൊലീസ് കമീഷണര്‍പോലും കൈമലര്‍ത്തുകയാണ്. ന്യൂനപക്ഷങ്ങള്‍ ശാരീരികമായും സാംസ്കാരികമായും വേട്ടയാടപ്പെടുന്ന ‘മോദിയുഗ’ത്തില്‍ നമ്മുടെ രാജ്യത്ത് ഇനി സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെ തന്നെയാണെന്ന മുന്നറിയിപ്പാണ് ഈ സംഭവം ഓര്‍മപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കെതിരായ ക്രൂരതകള്‍ക്കെതിരെ രാജ്യത്ത് നിലനില്‍ക്കുന്ന പൊതുവായ രോഷത്തിന്‍െറയും പ്രതിഷേധത്തിന്‍െറയും അന്തരീക്ഷത്തെ വംശീയവും വര്‍ഗീയവുമായ അജണ്ട നടപ്പാക്കുന്നതിന് ദുരുപയോഗം ചെയ്യപ്പെട്ടതിന്‍െറ മുന്തിയ ഉദാഹരണമാണിത്. ബലാത്സംഗക്കേസിലെ പ്രതി എന്നതിനപ്പുറം രാജ്യദ്രോഹിയായ ‘ബംഗ്ളാദേശ് കുടിയേറ്റക്കാരന്‍ ’എന്ന മുദ്ര നിയമം കൈയിലെടുക്കാനും തെരുവ് കോടതിയാക്കാനും ‘ന്യൂജനറേഷനു’ പോലും ധൈര്യം പകരുന്നു.
നാഗാസ്ത്രീയെ മുസ്ലിം യുവാവ് ബലാത്സംഗം ചെയ്താല്‍ കോടതിയുടെ ശിക്ഷ കാത്തിരിക്കേണ്ടതില്ല എന്ന് ജനം തീരുമാനിച്ചുറപ്പിക്കുമ്പോള്‍ അതിനു മുന്നില്‍ പൊലീസും ഭരണകൂടവും നോക്കുകുത്തികളാവുന്ന ഭീതിജനകമായ അവസ്ഥ. ബി.ജെ.പി നിയമസഭാംഗം സംഭവത്തെ മഹത്ത്വവത്കരിക്കാന്‍ മുന്നോട്ടുവന്നതും ഇപ്പോള്‍ ശിവസേന സംഭവത്തിനു ന്യായീകരണം കണ്ടത്തെിയതും ഫാഷിസ്റ്റ് വിചാരഗതിയുടെ ബഹിര്‍സ്ഫുരണമാണ്. ഭീകരവാദത്തിന്‍െറയും വിഘടനവാദത്തിന്‍െറയും വിഷയം വരുമ്പോള്‍ നാഗാലാന്‍ഡിലെയോ മിസോറമിലെയോ കലാപക്കൂട്ടങ്ങളെക്കുറിച്ച് അധികമാരും മിണ്ടാറില്ല. കലാപകാരികളുടെ കുപ്പായമണിയാത്ത സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ താലിബാനെയും ഐ.എസിനെയും തോല്‍പിക്കുംവിധം ക്രൂരത പുറത്തെടുക്കാന്‍ മാനസികമായി ‘വളര്‍ന്നിട്ടുണ്ട്’ എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ എല്ലാവരുടെയും ഉരിയാട്ടം മുട്ടിയിരിക്കയാണ്. സംസ്ഥാന ജനസംഖ്യയില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ് മുസ്ലിംകള്‍. കേവലം 1.7 ശതമാനം. ഹിന്ദുക്കളാവട്ടെ 7.8ശതമാനവും. 90ശതമാനം ബാപ്റ്റിസ്റ്റിക് ക്രിസ്ത്യാനികളാണ്. ചര്‍ച്ചാണ് ഇവിടെ എല്ലാം നിയന്ത്രിക്കുന്നത്. പക്ഷേ, മനുഷ്യത്വത്തിന്‍െറ അംശം പുതിയ തലമുറയുടെ ഹൃദയങ്ങളില്‍ അങ്കുരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, കടുത്ത മതദ്വേഷികളായി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്തു.
നാഗാലാന്‍ഡിലെ വൃത്തികെട്ട രാഷ്ട്രീയവും ഈ അറുകൊലക്കു പ്രേരകമായിട്ടുണ്ടാവാം. ഇവിടെ കലാപകാരികളും രാഷ്ട്രീയക്കാരും ക്രിമിനലുകളും വംശീയവാദികളും തമ്മിലുള്ള വേര്‍തിരിവ് മാഞ്ഞുപോയിട്ട് കാലമേറെയായത്രെ. നാലുതവണ മുഖ്യമന്ത്രിപദത്തിലിരുന്ന ഹൊകിഷെ സീമയുടെ കാലഘട്ടത്തില്‍ അസം-നാഗാലാന്‍ഡ് അതിര്‍ത്തിയിലെ ആയിരിക്കണക്കിനു വനമേഖല പിടിച്ചെടുത്ത നാഗാ സമൂഹം (സീമ/സുമി) അസമില്‍നിന്നും ബംഗാളില്‍നിന്നും മുസ്ലിംകളെ കൊണ്ടുവന്നാണ് കൃഷിയിടങ്ങള്‍ ഫലഭൂയിഷ്ഠമാക്കിയത്. ബന്ധം കൂടുതല്‍ ദൃഢമായതോടെ നാഗാ-മുസ്ലിം സങ്കരസമൂഹം ‘സുമിയാന്‍’( സുമി+മിയാന്‍) എന്ന പേരില്‍ വളര്‍ന്നുവന്നു. എന്നിട്ടും ജനസംഖ്യ രണ്ടുശതമാനത്തില്‍ എത്തിയിട്ടില്ല. പക്ഷേ, തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത് മുസ്ലിം ജനസംഖ്യ സമീപകാലത്തായി 150ശതമാനം വര്‍ധിച്ചുവെന്നാണ്.
എല്ലാറ്റിനുമുപരി, പുറമെനിന്നുവരുന്നവര്‍ തങ്ങളുടെ മേല്‍ക്കോയ്മക്കു കീഴില്‍ ജീവിച്ചുകൊള്ളണമെന്ന് വിവിധ ബാനറുകളില്‍ പ്രവര്‍ത്തിക്കുന്ന നാഗാ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ശാഠ്യമുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ കിടമത്സരത്തിന്‍െറ അന്തരീക്ഷത്തിലേക്ക് വര്‍ഗീയതയും മതദ്വേഷവും കടന്നുവന്നതാണ് ഏത് കിരാതകൃത്യവും പുറത്തെടുക്കാന്‍ ജനസമൂഹത്തെ പ്രേരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും വിദേശ കുടിയേറ്റക്കാര്‍ക്കുമെതിരെ വടക്കുകിഴക്കന്‍ മേഖലയില്‍ പൊതുവായി നിലനില്‍ക്കുന്ന വികാരം മുതലെടുക്കാന്‍ തീവ്രവലതുപക്ഷം നടത്തുന്ന ശ്രമങ്ങള്‍ പെട്ടെന്ന് ഫലം കാണുമെന്ന വിപദ്കരമായ സന്ദേശമാണ് ദിമാപൂര്‍ കൈമാറുന്നത്. വലതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാട്ടുന്ന നാഗാ പീപ്പ്ള്‍സ് ഫ്രണ്ട് എന്‍.ഡി.എയിലെ സഖ്യകക്ഷിയാണെന്നുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

Comments