ഇന്ത്യയിലെ 92 കോടി പേര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമില്ലെന്ന് പഠനം

Wednesday, December 28 2016
img

ന്യൂഡല്‍ഹി (www.asiavisionnews.com): രാജ്യത്തെ കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. കാഷ്‌ലെസ് ആകാന്‍ അത്യന്താപേക്ഷിതമായ ഡിജിറ്റലിലേക്ക് മാറാന്‍ രാജ്യം എത്രമാത്രം സുസജ്ജരാണ്? ഒട്ടും സജ്ജരല്ലെന്നാണ് പുതിയ പഠനഫലം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 92 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമില്ലെന്ന് പറയുന്നു അസോച്ചമും ഡെലോയിട്ടും സംയുക്തമായി നടത്തിയ പഠനം.

35 കോടിയാണ് നിലവില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണം. ഇൗ കണക്കില്‍ ലോകത്ത് ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനം.

ഇന്റര്‍നെറ്റ് യുസര്‍മാരുടെ എണ്ണം ഇന്ത്യയില്‍ ക്രമാനുഗതമായി വര്‍ധിക്കുകയാണ്. അതിനാല്‍ ഡിജിറ്റല്‍ സാക്ഷരത പ്രചരിപ്പിക്കാന്‍ എല്ലാവര്‍ക്കും അപ്രാപ്യമായ ബ്രോഡ്ബാന്‍ഡും സ്മാര്‍ട്ട് ഡിവൈസുകളും പ്രതിമാസ ഡേറ്റാ പാക്കേജുകളും അനിവാര്യമാണ്. രാജ്യത്തെ ഒറ്റപ്പെട്ട ഇടങ്ങളിലും ഡിജിറ്റല്‍ സേവനങ്ങള്‍ എത്തിക്കും വിധത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തണമെന്നും 'സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള തന്ത്രപ്രധാനമായ മുന്‍കരുതലുകള്‍' എന്ന തലക്കെട്ടോടെയുള്ള പഠനത്തില്‍ പറയുന്നു.

ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കാന്‍ സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പരിശീലന പരിപാടികള്‍ ആവിഷ്‌കരിക്കണം. ആഗോള ടെക്‌നോളജി നേതാക്കളുമായി സഹകരിച്ച് സ്‌കില്‍ ഇന്ത്യ പദ്ധതിയിലൂടെ പരിശീലനം നല്‍കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ ഇന്ത്യയും സ്‌കില്‍ ഇന്ത്യയും കൈകോര്‍ത്ത് വേണം പരിശീലന പരിപാടികളും ഡിജിറ്റല്‍ പദ്ധതികളും രൂപീകരിക്കാന്‍.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഡിജിറ്റല്‍ സേവനകള്‍ നല്‍കാനും ഡിജിറ്റല്‍ സാക്ഷരത പ്രചരിപ്പിക്കാനും ഉതകുംവിധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് പ്രേരകമായിരിക്കണം പദ്ധതികള്‍. ഡിജിറ്റല്‍ സാക്ഷരത യജ്ഞത്തിന് പ്രാദേശിക ഭാഷകളേയും സാങ്കേതിക വിദ്യകളേയും സന്നിവേശിപ്പിക്കേണ്ടതുണ്ടെന്നും പഠനം പറയുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളും സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റവുമാണ് രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ നടപ്പാക്കുന്നതിന് പ്രധാന ഭീഷണി. സൈബര്‍ സുരക്ഷയെ കുറിച്ചും ഓണ്‍ലൈന്‍ ഭീഷണികളെക്കുറിച്ചും ഇന്റര്‍നെറ്റില്‍ എങ്ങനെ വിവരങ്ങള്‍ സുരക്ഷിതമായി വെക്കാം എന്നത് സംബന്ധിച്ചും ജനങ്ങളെ ബോധവത്കരിക്കണം. എങ്കില്‍ മാത്രമേ ഡിജിറ്റലിലേക്ക് മാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയൂ എന്നും പഠനം ചൂണ്ടിക്കാട്ടി.

Comments