ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റ് ബംഗളൂരിൽ ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങും: ഇന്ത്യയിലെ ഐഫോണ്‍ വില കുറഞ്ഞേക്കും

Friday, December 30 2016
img

ബെംഗളൂരു (www.asiavisionnews.com): ആഗോള ടെക്ക് ഭീമന്‍മാരായ ആപ്പിള്‍ ബെംഗളൂരില്‍ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നു. ഇനിമുതല്‍ ബെംഗളൂരിലായിരിക്കും ഇന്ത്യന്‍ വിപണിയിലേക്കുള്ള ഐഫോണ്‍ നിര്‍മ്മാണം. തായ്‌വാനീസ് മേക്കര്‍മാരായ വിസ്ട്രണ്‍ ആണ് ആപ്പിളിനായി ബെംഗളൂരില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. നഗരത്തിലെ വ്യാവസായിക ഹബ് ആയ പീന്യയില്‍ 2017 ഏപ്രില്‍ മുതല്‍ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങും.

ഇന്ത്യയിലെ ആപ്പിളിന്റെ അസബ്ലി ഓപ്പറേഷനെക്കുറിച്ച് കമ്പനി ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ആപ്പിളിനോട് അടുത്ത ഉന്നത വൃത്തങ്ങള്‍ പ്രതികരിച്ചു. ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് വരുന്നതോടെ ഐഫോണ്‍ ഇറക്കുമതി നികതുയിലെ 12.5 ശതമാനം അധിക തീരുവ കമ്പനിയ്ക്ക് ഒഴിവാക്കാം. ഇതുവഴി ആപ്പിളിന് ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ കുറഞ്ഞ വിലയ്ക്ക് എത്തിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി മഹാരാഷ്ട്രയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ തായ്‌വാനിലെ ഫോക്‌സ്‌കോണ്‍ കമ്പനിയമായി നേരത്തെ ആപ്പിള്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഫോക്‌സ്‌കോണ്‍ ഷവോമിയുമായും വണ്‍പ്ലസുമായും കരാറിലേര്‍പ്പെട്ടപ്പോള്‍ ആപ്പിള്‍ ആ ശ്രമം ഉപേക്ഷിക്കുകയിരുന്നു.

ബെംഗളൂരിലെ ആപ്പിളിന്റെ രണ്ടാമത്തെ വലിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആപ്പിള്‍ ടിവിയ്ക്കും ആപ്പിള്‍ വാച്ചിനുമുള്ള ആപ്പ്/ ഒഎസ് നിര്‍മ്മാണത്തിനായി നഗരത്തില്‍ സോഫ്റ്റ് വെയര്‍ ശൃംഖല ആരംഭിക്കുമെന്ന് ആപ്പിള്‍ മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന ശൃംഖലയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് അറിയുന്നു. ആപ്പിള്‍ ഇന്ത്യന്‍ വിപണിയെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നതിന്റെ തെളിവായിരുന്നു ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ ഇന്ത്യന്‍ നഗരങ്ങളിലെ സന്ദര്‍ശനം.

Comments