Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സ്മാര്‍ട്ട്‌ഫോണില്‍ നഗ്നചിത്രങ്ങള്‍ എടുത്തിരുന്നോ? എങ്കില്‍ കരുതിയിരുന്നോളൂ

Saturday, October 07 2017
img

കൊച്ചി (www.asiavisionnews.com): സോഷ്യല്‍ മീഡിയകളില്‍ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് കൂടിവരികയാണ്. നിങ്ങളുടേത് മാത്രമായ സ്വകാര്യതകള്‍ എങ്ങനെയാണ് മറ്റുള്ളവരിലേക്ക് പ്രചരിക്കുന്നത്.

എല്ലാവരുടെയും വലിയ സംശയമായിരിക്കും എങ്ങനെയാണ് നമ്മുടെ സ്വകാര്യ വീഡിയോകള്‍ ചോരുന്നത്. അതിനെല്ലാം കാരണക്കാരന്‍ നമ്മുടെ സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ്. വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യയുടെ അതിപ്രസരം തന്നെയായിരിക്കും ഭാവിയില്‍ നമുക്ക് വില്ലനാകുന്നതും.

സ്വന്തം ക്യാമറയിലോ, സ്മാര്‍ട്‌ഫോണിലോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ നിരവധി വഴികളുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തിയ ആളുകള്‍ തന്നെ അത് പുറത്ത് വിടുന്നതാണ് ആദ്യത്തേത്. മറ്റൊന്ന് ഉടമസ്ഥര്‍ അറിയാതെ ഉപകരണങ്ങളില്‍ നിന്നും മറ്റും ചോരുന്നതായിരിക്കാം.

എങ്ങനെയൊക്കെയായിരിക്കാം ഇവ ചോരുന്നത്

ഉപകരണങ്ങളില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്താല്‍ അത് അവിടെ തീര്‍ന്നു എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരിക്കല്‍ നീക്കം ചെയ്ത ദൃശ്യങ്ങള്‍ എല്ലാം തന്നെ വീണ്ടും തിരിച്ചെടുക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇന്ന് ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ.

ഉപകരണങ്ങള്‍ നന്നാക്കുന്ന സ്ഥലങ്ങളില്‍ നിന്ന്, മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ നിന്ന്, ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ നിന്നെല്ലാം നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാനുള്ള സാധ്യതയുണ്ട്.

റിക്കവറി സോഫ്റ്റ്‌വെയറുകള്‍

സ്മാര്‍ട്‌ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം നിങ്ങള്‍ ഒരിക്കല്‍ നീക്കം ചെയ്‌തെടുത്ത ചിത്രങ്ങളോ, വീഡിയോകളോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിവരങ്ങളോ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ് റിക്കവറി സോഫ്റ്റ് വെയറുകള്‍.

മോഷണം പോകുന്നതോ, വില്‍ക്കുന്നതോ ആയ ഇത്തരം ഉപകരണങ്ങള്‍ തീര്‍ച്ചയായും മറ്റൊരാളുടെ കയ്യിലെത്തിയേക്കാം ഒരു പക്ഷെ അത് നിങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിശ്വസിച്ച് നല്‍കിയതും ആവാം, ചിലപ്പോള്‍ ആര്‍ക്കെങ്കിലും കേടുപാടുകള്‍ തീര്‍ക്കാന്‍ നല്‍കിയതാവാം. എന്തായാലും അവിടെയൊന്നും നിങ്ങളുടെ വിവരങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല എന്നോര്‍ക്കുക.

എല്ലാ മൊബൈല്‍ ആപ്പുകളും സുരക്ഷിതമല്ലായെന്ന് ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും

സ്വകാര്യത എന്നത് ഇപ്പോള്‍ ഒരു ചിന്തമാത്രമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വകാര്യതയില്‍ ആശങ്കയുള്ളവര്‍ സ്മാര്‍ട്‌ഫോണുകളെ ഭയക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുന്നവര്‍ പ്രത്യേകിച്ചും.

സ്മാര്‍ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളാണ് മറ്റൊരു വില്ലന്‍. നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ ദൂരെയൊരിടത്തിരുന്ന മറ്റൊരാള്‍ക്ക് ചോര്‍ത്തിയെടുക്കാനുള്ള എല്ലാ സാധ്യതകളും ആപ്ലിക്കേഷനുകള്‍ ഒരുക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള പല പ്രമുഖ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ചില അനുവാദങ്ങള്‍ ചോദിക്കാറുണ്ട്. നിങ്ങളുടെ ക്യാമറ ഉപയോഗിക്കാന്‍, നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് പരിശോധിക്കാന്‍, ഗാലറിയും സ്‌റ്റോറേജിലേക്കും പ്രവേശിക്കാന്‍ എല്ലാമുള്ള അനുവാദം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആപ്ലിക്കേഷനുകള്‍ ആവശ്യപ്പെടാറുണ്ട്. ഫോണുകളില്‍ ആവശ്യമായ അനുവാദങ്ങളില്ലാതെ ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തികാനാവില്ല.

പലപ്പോഴും ആപ്പുകള്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങളും നിബന്ധനകളും ആരും തന്നെ വായിച്ച് നോക്കാറില്ല. നമ്മുടെ വിവരങ്ങള്‍ എന്തിനെല്ലാം ഉപയോഗിക്കുമെന്ന വിവരങ്ങളെല്ലാം അതില്‍ ഉണ്ടാവും.

അനുവാദങ്ങളെല്ലാം നല്‍കി കഴിഞ്ഞാല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിങ്ങളറിയാതെ നിങ്ങളുടെ ഫോണില്‍ എവിടേയ്ക്കും കടന്നു ചെല്ലാനാകും. ഒരോ തവണ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുമ്പോഴും നിങ്ങളുടെ പല വിവരങ്ങളും ആപ്ലിക്കേഷനുകള്‍ ശേഖരിക്കുന്നുമുണ്ട്. എന്ത് വിവരമാണ് ശേഖരിക്കുന്നതെന്ന് നമ്മള്‍ അറിയുകയുമില്ല.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത നിരവധി ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള കെണികള്‍ അത്തരം ആപ്ലിക്കേഷനുകളില്‍ ഉണ്ടാവാന്‍ സാധ്യയേറെയാണ്.

സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്‌ഫോണുകളില്‍ പകര്‍ത്തരുത്. സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കരുത്. കംപ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍, മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയിലൊന്നും സൂക്ഷിക്കരുത്.

ഇങ്ങനെ നിങ്ങള്‍ ശ്രദ്ധയോടുകൂടി മുന്നോട്ടുപോയാല്‍ ഇതില്‍ നിന്നൊക്കെ ഒരു പരിധി വരെ രക്ഷ നേടാം. ഇതിനൊന്നും സാധിക്കില്ലെങ്കില്‍ സ്വകാര്യത ഒരു പ്രശ്‌നമല്ലെന്ന മനോഭാവം ഉള്ളവരായി മാറുക എന്നല്ലാതെ വേറൊരു വഴിയില്ല.

Comments