Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ആഭ്യന്തര ബോക്‌സ്ഓഫീസില്‍ 300 കോടി നേടുന്ന നാലാമത് ബോളിവുഡ് ചിത്രമായി ആമിര്‍ഖാന്റെ ദംഗല്‍: സുൽത്താനെ പിന്തള്ളിയത് 13 ദിവസം കൊണ്ട്

Thursday, January 05 2017
img

മുംബൈ (www.asiavisionnews.com): ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് 300 കോടി കളക്ഷന്‍ നേടുന്ന നാലാമത് ബോളിവുഡ് ചിത്രമായി ആമിര്‍ഖാന്റെ ദംഗല്‍. സല്‍മാന്‍ഖാന്റെ ബജ്‌റംഗി ഭായ്ജാന്‍ (2015), സുല്‍ത്താന്‍ (2016), ആമിര്‍ഖാന്റെ തന്നെ പികെ (2014) എന്നിവയാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ നിന്ന് 300 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുള്ളത്.

'സുല്‍ത്താന്‍' ആഭ്യന്തര ബോക്‌സ്ഓഫീസില്‍നിന്ന് ആകെ നേടിയത് 300.45 കോടിയാണെങ്കില്‍ 'ദംഗല്‍' വെറും 13 ദിവസംകൊണ്ട് അതിന് മുകളില്‍ നേടി. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ കണക്ക് പ്രകാരം 304.38 കോടിയാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ദംഗല്‍ 13 ദിവസംകൊണ്ട് നേടിയത്.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 23ന് തീയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ആഴ്ച 197.54 കോടിയും രണ്ടാമത്തെ ആഴ്ചയിലെ ആദ്യ ആറ് ദിവസങ്ങളില്‍ 106.84 കോടിയും നേടി. ആദ്യ മൂന്ന് ദിവസങ്ങളില്‍ ആഭ്യന്തര ബോക്‌സ്ഓഫീസില്‍നിന്ന് 100 കോടി നേടിയ ചിത്രം 8 ദിവസംകൊണ്ട് 200 കോടി പിന്നിട്ടു.

എന്നാല്‍ വിദേശ ബോക്‌സ്ഓഫീസില്‍ 'സുല്‍ത്താന്റെ' ആജീവനാന്ത കളക്ഷനെ മറികടക്കാന്‍ 'ദംഗല്‍' ഇനിയും മുന്നോട്ടുപോകണം. 287.55 കോടിയാണ് സല്‍മാന്‍ ചിത്രം വിദേശത്ത് നിന്ന് ആകെ നേടിയത്. ദംഗല്‍ 12 ദിവസംകൊണ്ട് നേടിയത് 158.70 കോടിയും.

രണ്ടിലും ഗുസ്തിക്കാരാണ് പ്രധാനകഥാപാത്രങ്ങള്‍ എന്നതിനാലും ബോളിവുഡിലെ 2016ലെ രണ്ട് വമ്പന്‍ പ്രോജക്ടുകളാണ് എന്നതിനാലും ദംഗലിന്റെ പ്രഖ്യാപനം മുതല്‍ സുല്‍ത്താനുമായി താരതമ്യമുണ്ടായിരുന്നു. അയ്യായിരത്തോളം സ്‌ക്രീനുകളില്‍ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തിയ ദംഗലിന്റെ ആദ്യദിന കളക്ഷന്‍ പുറത്തെത്തിയപ്പോഴും അത് സുല്‍ത്താനെ മറികടന്നോ എന്നറിയാനായിരുന്നു ഇന്റസ്ട്രിക്ക് കൗതുകം.

പക്ഷേ സല്‍മാന്‍ ചിത്രത്തിനൊപ്പമെത്തിയിരുന്നില്ല ദംഗലിന്റെ ഫസ്റ്റ്‌ഡേ കളക്ഷന്‍. സുല്‍ത്താന്‍ 36.54 കോടി നേടിയിരുന്നെങ്കില്‍ 29.78 കോടിയായിരുന്നു ദംഗലിന്റെ ആദ്യദിന സമ്പാദ്യം.
2016ലെ ഇന്ത്യന്‍ റിലീസുകളുടെ ആഗോള കളക്ഷനില്‍ ഇപ്പോഴും സുല്‍ത്താനാണ് മുന്നില്‍ വിദേശത്തുനിന്ന് നേടിയ 287.55 കോടി ഉള്‍പ്പെടെ 588 കോടിയാണ് സുല്‍ത്താന്റെ ആഗോള കളക്ഷന്‍.

വിദേശത്തെ 12 ദിവസത്തെ കണക്കുള്‍പ്പെടെ ദംഗല്‍ ഇതുവരെ നേടിയത് 463.08 കോടിയും. സുല്‍ത്താന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കളക്ഷനില്‍ ഇപ്പോള്‍ ദംഗല്‍. പക്ഷേ ഇപ്പോഴുള്ള പ്രേക്ഷകപ്രതികരണം തുടര്‍ന്നാല്‍ 2016ലെ ഏറ്റവുംവലിയ ഹിറ്റിലേക്ക് നീങ്ങും ചിത്രം.

Comments