Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

2024 മുതൽ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തും: 2021ല്‍ കേരളത്തിലെ നിയമസഭാ കാലാവധി മൂന്നുവര്‍ഷമായി ചുരുങ്ങും

Thursday, January 05 2017
img

ന്യൂഡല്‍ഹി (www.asiavisionnews.com): ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്താനായി കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണ നിര്‍ദേശം അവതരിപ്പിക്കും. തിരഞ്ഞെടുപ്പുകള്‍ 2024 മുതല്‍ ഒരുമിച്ചുനടത്താനാകുന്ന തരത്തിലാണു പരിഗണനയിലുള്ള നിര്‍ദേശം. സര്‍വകക്ഷി യോഗത്തിലും മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിര്‍ദേശം ചര്‍ച്ചചെയ്തശേഷം ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണു നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളോട് ആവര്‍ത്തിച്ചു പിന്തുണ അഭ്യര്‍ഥിച്ചിരുന്നു. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനനുകൂലമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അഭിപ്രായം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ‘മൈ ഗവ്’ പോര്‍ട്ടലില്‍ പൊതുജനാഭിപ്രായവും സമാഹരിച്ചശേഷമാണു നിയമനിര്‍മാണത്തിനു തയാറെടുക്കുന്നത്.

ലോക്‌സഭയ്ക്കും നിയമസഭയ്ക്കും നിശ്ചിത കാലാവധി ഏര്‍പ്പെടുത്തുമെന്നതിനാല്‍ ഇടയ്ക്കു സര്‍ക്കാര്‍ നിലംപതിച്ചാല്‍ അവശേഷിക്കുന്ന കാലാവധിക്കുവേണ്ടി മാത്രമായിരിക്കും ഇടക്കാല തിരഞ്ഞെടുപ്പു നടത്തുക. 2018ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിയമസഭാ കാലാവധി ആറുവര്‍ഷമായി ദീര്‍ഘിപ്പിക്കാനാണു നിര്‍ദേശം.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, കര്‍ണാടക, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലാണു 2018ല്‍ തിരഞ്ഞെടുപ്പു നടക്കേണ്ടത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം 2024 നു മുന്‍പായി നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനങ്ങളില്‍ അടുത്ത നിയമസഭയുടെ കാലാവധി 2024 വരെയായി നിജപ്പെടുത്തും.

ഈ വര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്ന യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ നിയമസഭകള്‍ 2022 ല്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഈ സംസ്ഥാനങ്ങളില്‍ അടുത്ത നിയമസഭയുടെ കാലാവധി രണ്ടു വര്‍ഷത്തേക്കു മാത്രമാകുന്ന തരത്തിലാകും തിരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുക.

കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ 2021 ലെ തിരഞ്ഞെടുപ്പിനുശേഷം വരുന്ന നിയമസഭയ്ക്കു മൂന്നു വര്‍ഷം മാത്രമാകും കാലാവധി. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കിയാല്‍ നടത്തിപ്പിനുള്ള സാമ്പത്തിക ഭാരം കുറയുമെന്നതിനു പുറമേ, അടിക്കടി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ബാധകമാകുന്നതു കാരണമുള്ള ഭരണസ്തംഭനം ഒഴിവാക്കാനും കഴിയും.

ഭേദഗതി വരുത്തേണ്ടത് നാലു വകുപ്പുകളില്‍
രാജ്യത്തു മിക്ക സംസ്ഥാനങ്ങളിലും 1967 വരെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്ന രീതി പിന്തുടര്‍ന്നിരുന്നു. ചില നിയമസഭകള്‍ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെയാണ് തിരഞ്ഞെടുപ്പുകള്‍ ക്രമം തെറ്റിയത്. കേരളത്തില്‍ ആദ്യ നിയമസഭ തന്നെ പിരിച്ചുവിട്ടതിനാല്‍ 1960ല്‍ തന്നെ ഈ ക്രമം തെറ്റി.

തിരഞ്ഞെടുപ്പു നിയമ പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച ലോ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ (1999) ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഒരുമിച്ചു നടത്തണമെന്ന നിര്‍ദേശമുണ്ട്. ഇതു നടപ്പാക്കാന്‍ ഭരണഘടനയുടെ 83, 172, 85, 174 വകുപ്പുകളില്‍ ഭേദഗതികള്‍ ആവശ്യമാണ്.

Comments