Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പരസ്പരം കമ്മ്യൂണിസ്റ്റ് വിരുദ്ധരായ സിപിഎമ്മും ആര്‍എംപിയും പഞ്ചാബില്‍ ഇടതുകൂട്ടായ്മയുടെ ഭാഗമായി ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു

Saturday, January 07 2017
img

പഞ്ചാബ് (www.asiavisionnews.com): കേരളത്തില്‍ പരസ്പരം കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്ന് ആക്ഷേപിക്കുന്ന സിപിഐഎമ്മും ആര്‍എംപിഐയും പഞ്ചാബില്‍ ഇടതുകൂട്ടായ്മയുടെ ഭാഗമായി ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു.

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയെന്ന് ആര്‍എംപിഐ ആരോപിക്കുന്ന സിപിഐഎമ്മും, ഒരു ഇടതുപക്ഷ രാഷ്ട്രീയവും പറയാന്‍ ശേഷിയില്ലാത്ത വിഘടിത വിഭാഗമെന്ന് സിപിഐഎം ആക്ഷേപിക്കുന്ന ആര്‍എംപിഐയും തമ്മില്‍ പഞ്ചാബില്‍ സഖ്യമാണെന്ന് ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു.

കേരളത്തില്‍ നിന്ന് വ്യത്യസ്തമായി പഞ്ചാബില്‍ ആര്‍എംപി സിപിഐഎമ്മിനോളം തന്നെ സ്വാധീനമുള്ള പാര്‍ട്ടിയാണ്.കേരളത്തിലെ പോലെ സിപിഐ എമ്മില്‍നിന്ന് കലഹിച്ച് പുറത്തുപോയവരാണ് ഇവിടെയും ആര്‍എംപിഐയുടെ പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന മംഗത് റാം പസ്ലയാണ് ഇവിടെ പാര്‍ട്ടിയെ നയിക്കുന്നത്.

സിപിഐ കൂടി ഉള്‍പ്പെടുന്ന മുന്നണി ആകെയുളള 117 സീറ്റുകളില്‍ 52 സീറ്റുകളിലാണ് മത്സരിക്കുന്നത്.
സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം ആര്‍എംപി എല്ലാക്കാലവും സിപിഐഎമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് പ്രചാരണങ്ങള്‍ നടത്തിയിരുന്നത്.

പഞ്ചാബിലും സ്ഥിതി വ്യത്യസ്തമല്ല. സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട മംഗത്‌റാം പസ്ല, ഓംപുരി എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച പഞ്ചാബ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ആര്‍എംപിഐ ആയി മാറിയതും. ഇതില്‍ കേരളത്തില്‍നിന്നുള്ള ആര്‍എംപി ലയിക്കുകയായിരുന്നു.

അതേസമയം പഞ്ചാബില്‍ സഖ്യമായി മത്സരിക്കുന്നുവെന്ന് കരുതി സിപിഐഎമ്മിനോടുളള തങ്ങളുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും തുടര്‍ന്നുവരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.

ദേശീയതലത്തില്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരായ ഇത്തരം ഐക്യപ്പെടലിനെ നമ്മള്‍ അംഗീകരിക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ.ആസാദ് സൗത്ത്‌ലൈവിനോട് വ്യക്തമാക്കിയത്.

ജനുവരി നാലിനാണ് തെരഞ്ഞൈടുപ്പ് കമ്മീഷന്‍ പഞ്ചാബ് ഉള്‍പ്പെടെയുളള അഞ്ചു സംസ്ഥാനങ്ങളിലെ തിയതികള്‍ പ്രഖ്യാപിച്ചത്. അന്നുതന്നെ പഞ്ചാബിലെ ഇടതുപാര്‍ട്ടികള്‍ തങ്ങള്‍ 52 സീറ്റുകളില്‍ മത്സരിക്കുന്ന കാര്യവും പ്രഖ്യാപിച്ചു. സിപിഐ, സിപിഐഎം, റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(ആര്‍എംപിഐ) എന്നീ പാര്‍ട്ടികളുടെ ഇടതുസഖ്യമാണ് പഞ്ചാബില്‍ മത്സരത്തിനിറങ്ങുന്നത്.

സിപിഐഎംഎല്‍ ലിബറേഷന്‍ ആദ്യഘട്ടത്തില്‍ സഖ്യചര്‍ച്ചകള്‍ക്ക് ഉണ്ടായിരുന്നു. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അവര്‍ സഖ്യം വിടുകയും പിന്നാലെ മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

പഞ്ചാബില്‍ നേരത്തെ തന്നെ അകാലിദള്‍-ബിജെപി മുന്നണിക്കെതിരെ ഇടതുപാര്‍ട്ടികളുടെ ജനകീയ സമരവേദി തുടരുന്നുണ്ട്. പ്രാദേശികമായി ഉണ്ടായ കൂട്ടുകെട്ടുകളുടെ തുടര്‍ച്ചയാണ് അവിടെ ഒരുമിച്ച് മത്സരിക്കാനുളള തീരുമാനം. അതൊരിക്കലും ആര്‍എംപിഐയുടെ നയപരമായ തീരുമാനമല്ല. പ്രാദേശിക തലത്തില്‍ മംഗത്‌റാം പസ്‌ല ഉള്‍പ്പെടെയുളളവര്‍ നടത്തിവന്ന ജനകീയ ഇടപെടലുകളും സ്വീകാര്യതയും കണക്കിലെടുത്താണ് അവിടുത്തെ ധാരണകളും.

പഞ്ചാബില്‍ സഖ്യമായെന്ന് കരുതി സിപിഐഎഎമ്മിനോടുളള ഞങ്ങളുടെ നിലപാടുകളില്‍ യാതൊരു മാറ്റവുമില്ല. സിപിഐഎമ്മിനോട് തുടര്‍ന്നുവന്ന നിലപാടുകള്‍ മുന്‍നിര്‍ത്തി തന്നെ ഇക്കാര്യത്തില്‍ പൊതുനിലപാട് സ്വീകരിക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

നിലവിലെ ധാരണ പ്രകാരം സിപിഐ 25 സീറ്റിലും, സിപിഐഎം 14 സീറ്റിലും, ആര്‍എംപിഐ 13 സീറ്റിലുമാണ് മത്സരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ഹര്‍ദേവ് അര്‍ഷി, സിപിഐഎം സംസ്ഥാന സെക്രട്ടറി ചരണ്‍ സിങ് വിര്‍ധി, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി മംഗത്‌റാം പസ്ല എന്നിവര്‍ സംയുക്തമായാണ് പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചതും.

പഞ്ചാബില്‍ അഴിമതിയും കുടുംബവാഴ്ചയുമാണ് നിലനില്‍ക്കുന്നതെന്നും അകാലിദള്‍-ബിജെപി സഖ്യ സര്‍ക്കാരിനെതിരെ ഇടതുകക്ഷികള്‍ മികച്ച മത്സരത്തിനാണ് തയ്യാറെടുക്കുന്നതെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം നീലോല്‍പ്പല്‍ ബസുവും വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടികളെല്ലാം ചേര്‍ന്നാണ് 2016 സെപ്റ്റംബറില്‍ പഞ്ചാബില്‍ നടന്ന സമ്മേളനത്തില്‍ ആര്‍എംപിഐ എന്ന ദേശീയപാര്‍ട്ടിയായി മാറിയത്.

കേരളത്തിലെ ആര്‍എംപി, പഞ്ചാബിലെ പഞ്ചാബ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, പശ്ചിമ ബംഗാളിലെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗാള്‍, തമിഴ്‌നാട്ടിലെ തമിഴ്‌നാട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, മഹാരാഷ്ട്രയിലെ ഗോദാവരി പരിലേക്കര്‍ മഞ്ച്, ആന്ധ്രാപ്രദേശിലെ ജനശക്തി എന്നിവ ചേര്‍ന്നാണ് ആര്‍എംപിഐ എന്ന ദേശീയപാര്‍ട്ടിയായി മാറിയത്.

Comments