കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്

Tuesday, January 10 2017
img

ന്യൂഡല്‍ഹി (www.asiavisionnews.com): കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്. കീടനാശിനി കമ്പനികളില്‍നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാം. തുക കമ്പനി നല്‍കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

ഇരകള്‍ക്ക് ആജീവനാന്ത ആരോഗ്യ പരിരക്ഷയും ഡോക്ടര്‍മാരുടെ സേവനവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കമ്പനികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോവണമെന്നും നിര്‍ദേശിച്ചു. ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ പ്രത്യാഘാതം ഇരകള്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്നതിനാല്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഡി.ഐ.എഫ്.ഐയുടെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത് കമ്പനി കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ എന്തു കൊണ്ടാണ് കേരള സര്‍ക്കാര്‍ വൈകുന്നതെന്ന് കോടതി ആരാഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് മാത്രമാണോ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയെന്ന് കോടതി ചോദിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. 458 കോടിയുടെ പാക്കേജ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ നഷ്ടപരിഹാരത്തിനായി കേന്ദ്രത്തെയും സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ഉത്പാദകരുടെ സംഘടനയായ സെന്‍ട്രല്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് അഗ്രോ കെമിക്കല്‍സിനെതിരെ കോടതി അലക്ഷ്യത്തിനും നോട്ടീസയച്ചു.

2012ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് സംഘടന പത്രത്തില്‍ അവര്‍ക്കനുകൂലമായ പരസ്യം നല്‍കിയ വിവരം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് കോടതി അലക്ഷ്യത്തിന് നോട്ടീസയച്ചത്.ഡി വൈ എഫ് ഐ യാണ് വിഷയം ചൂണ്ടിക്കാട്ടിയത്. വിഷയം ഗൗരവമായി എടുക്കുമെന്നും ഗുരുതരമായ പ്രത്യാഘാതം നേരിടാന്‍ ഒരുക്കൊള്ളാന്‍ സുപ്രീം കോടതി കീടനാശിനി കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കി.

Comments