മുഖ്യമന്ത്രി വിരട്ടി; ഐഎഎസ് സമരം പിന്‍വലിച്ചു

Monday, January 09 2017
img

തിരുവനന്തപുരം (www.asiavisionnews.com): ഐഎഎസുകാരുടെ സമരം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്നയുടന്‍ തന്നെ സമര തീരുമാനം പിന്‍വലിച്ച് ഐഎഎസുകാര്‍ ജോലിയില്‍ പ്രവേശിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഐ എ എസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി എടുക്കാനുള്ള തീരുമാനം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഭരണ സിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ സമര നടപടിയ്ക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അവധിയെടുത്ത ഉദ്യോഗസ്ഥര്‍ തന്നെ വന്നു കണ്ടതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം. അവധിയെടുത്തുകൊണ്ട് സര്‍ക്കാരിന്റെ നിലപാടുകളെ മാറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനു ശേഷമായിരുന്നു സമരം പിന്‍വലിക്കാനുള്ള തീരുമാനം ഐഎഎസ് അസോസിയേഷന്‍ എടുത്തത്.

കേരളത്തില്‍ ആദ്യമായല്ല ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടക്കുന്നത്. അന്വേഷണം സ്വതന്ത്ര്യമായി മുന്നോട്ട് കൊണ്ടുപോകണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇത് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തിലുടനീളം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടുകളെ പിന്തുണയാണ് മുഖ്യമന്ത്രി നല്‍കിയത്. അവധിയെടുത്ത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ അല്ല തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കിയിരുന്നു.

ഈ വിശദീകരണം സര്‍ക്കാര്‍ നല്ല മനസ്സോടെ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ നടപടികളില്‍ ചിലതില്‍ കോടതിയും ചിലതും സര്‍ക്കാറും തീരുമാനമെടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ഇന്ന് കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചത്.

Comments