സര്‍ക്കാര്‍ മുസ്‍ലിം വേട്ട നടത്തുന്നുവെന്ന ലീഗ് നിലപാടിനോട് പൂര്‍ണമായും യോജിക്കാനാവില്ലെന്നു സമസ്ത: ജനറല്‍ സെക്രട്ടറിയുടെ ചന്ദ്രികയിലെ ലേഖനം വ്യാജമെന്നും സമസ്ത

Monday, January 09 2017
img

കോഴിക്കോട് (www.asiavisionnews.com): ഭീകരതയുടെ പേരില്‍ സര്‍ക്കാര്‍ മുസ്‍ലിം വേട്ട നടത്തുന്നുവെന്ന മുസ്‍ലിം ലീഗ് കാംപയിനോട് സമസ്തക്ക് എതിര്‍പ്പ്. ലീഗ് കാംപയിനെ പിന്തുണച്ച് സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനം സംഘടനയില്‍ രൂക്ഷ വിവാദത്തിനാണ് വഴി വെച്ചത്. വിമര്‍ശം ശക്തമായതിനെ തുടര്‍ന്ന് തന്‍റെ അറിവോടെയല്ല ലേഖനം പ്രസിദ്ധീകരിച്ചതെന്ന വിശദീകരണവുമായി ആലിക്കുട്ടി മുസ്ലിയാര്‍ രംഗത്തെത്തി.

ഇസ്ലാമിക് സ്റ്റേറ്റ്, പീസ് സ്കൂള്‍ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ട നടത്തുന്നുവെന്ന ലീഗ് കാംപയിനെ പിന്തുണച്ചാണ് പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാരുടെ പേരിലുള്ള ലേഖനം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്. ആദര്‍ശപരമായി സുന്നികള്‍ക്ക് വിയോജിപ്പുള്ള സലഫീ നേതാക്കളെ ലേഖനത്തില്‍ പിന്തുണച്ചത് സംഘടനാ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന അഭിപ്രായം സമസ്തയില്‍ ഉയര്‍ന്നു.

സര്‍ക്കാര്‍ മുസ്ലിം വേട്ട നടത്തുന്നുവെന്ന ലീഗ് നിലപാടിനോട് പൂര്‍ണമായും യോജിക്കാനാവില്ലെന്ന നിലപാടും സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തി. യതീംഖാനകള്‍ക്കെതിരെ പോലീസ് നടപടി ഉണ്ടായപ്പോള്‍ മുസ്ലിം ലീഗ് നിശബ്ദമായിരുന്നുവെന്ന വിമര്‍ശവും ഉയര്‍ന്നു.

ഈ സാഹചര്യത്തിലാണ് ലേഖനത്തെ തള്ളി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ രംഗത്തുവന്നത്. മുസ്‍ലിം ലീഗ് കാംപയിന് സമസ്തയുടെ നേതാവിന്‍റെ പേര് ദുരുപയോഗം ചെയ്തെന്ന വികാരം പ്രകടിപ്പിക്കാന്‍ ചന്ദ്രിക എഡിറ്റര്‍ക്ക് ആലിക്കുട്ടി മുസ്ലിയാര്‍ കത്ത് നല്‍കുകയും ചെയ്തു. തന്‍റെ പേരില്‍ ലേഖനം പ്രസിദ്ധീകരിച്ചതിലുള്ള പ്രതിഷേധം അറിയിക്കുന്ന കത്തില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും ആലിക്കുട്ടി മുസ്ലിയാര്‍ നല്‍കുന്നുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിലേക്കെന്ന് സംശയിക്കപ്പെടുന്ന പലായനങ്ങളുമായി ബന്ധപ്പെട്ട് പോലീസും എന്‍ഐഎയും സ്വീകരിച്ച നടപടികള്‍ക്കെതിരെ ശക്തമായ പ്രചരണമാണ് മുസ്‍ലിം ലീഗ് നടത്തുന്നത്.

Comments