ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന സംഘപരിവാർ അജണ്ട കേരളത്തിൽ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ

Monday, January 09 2017
img

തിരുവനന്തപുരം (www.asiavisionnews.com): തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരെ ഇല്ലായ്മ ചെയ്യുന്ന സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് യാതൊരുവിധ സംഭാവനയും നല്‍കാത്ത ആര്‍എസ്എസ് ആണ് ഇന്ന് ദേശീയതയുടെ പേര് പറഞ്ഞ് അക്രമങ്ങള്‍ നടത്തുന്നതെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരായി ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരിതം തുറന്ന് പറഞ്ഞ എംടിയെയും ദേശീയഗാനം സംബന്ധിച്ച് അഭിപ്രായം പറഞ്ഞ സംവിധായകന്‍ കമലിനെയും അധിക്ഷേപിക്കുകയാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വമെന്ന് ഡിവൈഎഫ് ഐ പ്രസ്താവനയില്‍ കുറിച്ചു. കമലിനെ ഭീകരവാദിയാക്കി നാട് കടത്താനാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത് ഡിവൈഎഫ് ഐ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ്‌കാര്‍ക്ക് മാപ്പെഴുതി കൊടുത്തതും ദേശീയ പതാകയെ അംഗീകരിക്കാത്തതുമെല്ലാം ആര്‍എസ്എസിന്റെ ഭാഗമാണെന്ന് ഡിവൈഎഫ് ഐ പുറത്തിറക്കിയ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരക്കാര്‍ ദേശീയത സംബന്ധിച്ച് വാചാലമാകുന്നത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

Comments