സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക്; മാര്‍ച്ച് മുതല്‍ ലോഡ്‌ഷെഡ്ഡിംഗിന് സാധ്യത

Thursday, January 12 2017
img

തിരുവനന്തപുരം (www.asiavisionnews.com): സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം മുതല്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും പ്രതിസന്ധി മറികടക്കാനാകില്ല.

കൊടും ചൂടും വരള്‍ച്ചയും. അനിവാര്യമായ വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. 68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. അതിവേഗം വറ്റുന്ന ജലസംഭരണികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂണിറ്റ് മാത്രം. ബാക്കി പുറത്തുനിന്ന് വാങ്ങുന്നു.

പരീക്ഷക്കാലമായ മാര്‍ച്ച് മുതല്‍ കൊടും വേനല്‍ക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപഭോഗം 80 ദശലക്ഷം യൂണിറ്റിന് മുകളില്‍ പോകും. പവര്‍ ഗ്രിഡില്‍ നിന്ന് കൊണ്ടുവരാവുന്ന പരമാവധി വൈദ്യുതി, 60 ദശലക്ഷം യൂണിറ്റാണെന്നിരിക്കേ, വൈദ്യുതി നിയന്ത്രണം അനിവാര്യം.

സ്വകാര്യ നിലയങ്ങളുമായി ഉണ്ടാക്കിയ ദീര്‍ഘകാല കരാറുകളിലാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ഉത്പാദനം പുനരാരംഭിച്ചാല്‍, കായംകുളത്ത് നിന്ന് 7 ദശലക്ഷം യൂണിറ്റ് വൈദ്യുതികൂടി ലഭിച്ചേക്കും. പക്ഷെ ഇരട്ടിവില കൊടുത്ത് വാങ്ങുന്ന താപ വൈദ്യുതി ബോര്‍ഡിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

ലോഡ് ഷെഡ്ഡിംഗും പവര്‍ കട്ടും ഉടനെയില്ലെന്ന് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. പക്ഷേ പരമാവധി വൈദ്യുതി വാങ്ങിയാലും ഉത്പാദിപ്പിച്ചാലും ആവശ്യത്തിന് തികയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Comments