ചീമേനിയിൽ ബി.ജെ.പി പദയാത്രക്ക് നേരെ കല്ലേറ്; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു: ചൊവ്വാഴ്ച്ച ജില്ലയിൽ ഹർത്താൽ

Monday, January 02 2017
img

ചെറുവത്തൂര്‍ (www.asiavisionnews.com): സി പി എം അക്രമത്തിനും അസഹിഷ്ണുതയക്കും എതിരെ ബി ജെ പി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂരില്‍നിന്നും ആരംഭിച്ച മാര്‍ച്ചിന് നേരെയുണ്ടായ കല്ലേറ് സംഘര്‍ഷത്തിൽ കലാശിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് നയിക്കുന്ന സ്വാതന്ത്ര്യ പദയാത്രക്ക് ചെറുവത്തൂരില്‍ വെച്ച് കല്ലേറുണ്ടായത്.പദയാത്ര ബി ജെ പി സംസ്ഥാന വൈ: പ്രസിഡന്റ് കെ പി ശ്രിശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം പുറപ്പെടുന്നതിനിടെയാണ് പദയാത്രയ്ക്കുനേരെ പിറകില്‍നിന്നും കല്ലേറുണ്ടായത്.കല്ലേറിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിച്ചു.

കല്ലേറിൽ 3പേര്‍ക്ക് പരിക്കേറ്റു.പദയാത്രയില്‍ പങ്കെടുക്കാനായി ബി ജെ പി പ്രവര്‍ത്തകര്‍ എത്തിയ കെ എല്‍ 14 ഡി 6695 നമ്പര്‍ മിനി ബസ് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു.

ചെറുവത്തൂരില്‍ പദയാത്രയ്ക്കുനേരെയുണ്ടായ സി പി എം അക്രമത്തില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബി ജെ പി ആക്രമത്തില്‍ പ്രതിഷേധിച്ച് സി പി എമ്മും പ്രകടനം നടത്തി.

അതിനിടയിൽ, ബിജെപി ചീമേനിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് പോകുകയായിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങള്‍, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയതായി ബിജെപി നേതാക്കൾ അറിയിച്ചു.

Comments