ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീതീന് ഒളിമ്പ്യന്‍ റഹ്‌മാൻ അവാര്‍ഡ്: മയക്കു മരുന്നുകള്‍ക്കു പകരം കായിക വിനോദങ്ങളിലെ ലഹരി കണ്ടെത്താന്‍ യുവാക്കള്‍ തയ്യാറാകണമെന്നു വിനീത്

Wednesday, December 28 2016
img

കോഴിക്കോട് (www.asiavisionnews.com): ഒളിമ്പ്യന്‍ റഹ്മാന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത് ഒളിമ്പ്യന്‍ റഹ്മാന്‍ അവാര്‍ഡ് സികെ വിനീതീന് സമ്മാനിച്ചു. ഒളിമ്പ്യന്‍ റഹ്മാന്റെ പതിനാലാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് വികെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സികെ വിനീതിന് പുരസ്‌കാരം സമ്മാനിച്ചു.

ഫുട്‌ബോള്‍ മാത്രമാണ് തന്റെ ലഹരി. ആ ലഹരിയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. കഞ്ചാവിനും മയക്കു മരുന്നിനും അടിമപ്പെടുന്ന യുവജനത ഫുട്‌ബോള്‍ പോലുള്ള കായിക വിനോദങ്ങളിലാണ് ലഹരി കണ്ടത്തേണ്ടത്. അതാണ് ആരോഗ്യത്തിനും സമൂഹത്തിനും നല്ലതെന്നും വിനീത് പറഞ്ഞു. ഫുട്‌ബോള്‍ കളിച്ച് ജയവും തോല്‍വിയുമൊക്കെ അനുഭവിച്ചാല്‍ മറ്റ് ലഹരികള്‍ തേടിപ്പോവില്ലെന്നും സികെ വിനീത് വ്യക്തമാക്കി.

ഐഎസ്എല്ലാണ് തന്നെ വലിയ താരമാക്കിയത്. ടൂര്‍ണമെന്റിലൂടെ ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. എന്നാല്‍ കിരീടം നേടാന്‍ കഴിയിഞ്ഞില്ല എന്ന ദു:ഖം അവശേഷിക്കുന്നുണ്ട്. നിലവില്‍ ടീമുമായുള്ള കരാര്‍ അവസാനിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം താന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടെങ്കില്‍ ആരാധകര്‍ക്ക് വേണ്ടി കിരീടം നേടുമെന്നും താരം കൂട്ടിച്ചേര്‍ത്തു

Comments