ബ്ലാസ്റ്റേഴ്‌സ് ഹീറോ ജിങ്കനു വേണ്ടി യൂറോപ്യന്‍ ക്ലബ്ബ് രംഗത്ത്

Friday, December 30 2016
img

മുംബൈ (www.asiavisionnews.com): കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേഷ് ജിങ്കനെ തേടി യൂറോപ്യന്‍ ക്ലബ് രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ രാജ്യമായ ഹങ്കറിയിലെ ഒന്നാം ഡിവിഷന്‍ ക്ലബ് 'ദ്യോസ്‌ഗ്യോരി വിടികെ'യാണ് ജിങ്കനുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്. ട്രാന്‍സ്ഫര്‍ വിപണയില്‍ ജിങ്കനെ കുറിച്ചുളള പുതിയ റൂമറുകള്‍ പ്രമുഖ വാര്‍ത്ത വെബ്‌സെറ്റായ സ്‌ക്രോള്‍ ഡോട്ട് കോമാണ് പങ്കുവെച്ചിരിക്കുന്നത്.

ഹംഗറിയിലെ ഒന്നാം ഡിവിഷന്‍ ക്ലബാണ് 'ദ്യോസ്‌ഗ്യോരി വിടികെ'. 1910ലാണ് ഈ ക്ലബ് സ്ഥാപിതമായത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ തന്നെ ഹംഗറിയില്‍ ഏറ്റവും അധികം ആരാധക പിന്തുണയുളള ക്ലബുകളിലൊന്നാണ് 'ദ്യോസ്‌ഗ്യോരി വിടികെ'. ജിങ്കന്‍ ഈ ക്ലബിലെത്തുകയുണെങ്കില്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ ചരിത്രനേട്ടമാകും.

നേരത്തെ ജിങ്കന് മികച്ച ഡിഫന്റെര്‍ക്ക് വേണ്ട യോഗ്യതകളെല്ലാം ഉണ്ടെന്നും കൂടുതല്‍ മത്സരാനുഭവങ്ങളും മികച്ച പരിശീലനവും ലഭിച്ചാല്‍ ഭാവിയില്‍ ജിങ്കന്‍ യൂറോപ്പില്‍ കളിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്യൂ താരം ആരോണ്‍ ഹ്യൂസ് പ്രവചിച്ചിരുന്നു.

ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആ വാക്ക് സത്യമാകുമോയെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റ് നോക്കുന്നത്. ആകാരം കരുത്ത് , വേഗം, ബുദ്ധി തുടങ്ങിയ മികച്ച ഡിഫന്ററിന് വേണ്ട എല്ലാ കഴിവുകളും ജിങ്കനുണ്ടെന്നും ഒരു സ്ട്രൈക്കര്‍ക്ക് താരത്തെ എളുപ്പത്തില്‍ മറികടന്ന് പോകാനാകില്ലെന്നും ഹ്യൂസ് അന്ന് പറഞ്ഞിരുന്നു.

അതെസമയം ജിങ്കന്‍ ഐലീഗില്‍ തന്നെ തുടരുമെന്നും വാര്‍ത്തകളുണ്ട്. ഐലീഗ് ടീമായ ഡിഎസ്‌കെ ശിവജിയാണ് ജിങ്കനെ കൂടെകൂട്ടാന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത്. ശിവജി ടീം അധികൃതരുമായി ജിങ്കന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ശിവജിയ്ക്ക് വേണ്ടിയാണ് ജിങ്കന്‍ ഐലീഗില്‍ കളിച്ചത്. ബംഗളൂരു എഫ്‌സിയും ജിങ്കന് പിന്നാലെയുണ്ട്. എന്നാല്‍ താരത്തിന്റെ ഡിമാന്റുമായി ക്ലബിന് ധാരണയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായുളള മികച്ച പ്രകടനം ജിങ്കന് ടീം ഇന്ത്യയിലേക്കുളള പ്രവേശനം നേടിക്കൊടുത്തിരുന്നു. ആദ്യ സീസണിലും മൂന്നാം സീസണിലും ജിങ്കന്‍ അടക്കമുളള താരങ്ങളുടെ മികവിലാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയത്.

Comments