ധോണി ഏകദിന, ട്വന്റി 20 ടീം ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞു, അപ്രതീക്ഷിത തീരുമാനം ഇംഗ്ലണ്ടിനെതിരായ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ

Wednesday, January 04 2017
img

ന്യൂഡല്‍ഹി(www.asiavisionnews.com): ഇന്ത്യന്‍ ടീമിന്റെ ഏകദിന, ട്വന്റി 20 ടീം ക്യാപ്റ്റന്‍ പദവി മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി പരമ്പരയ്ക്കുള്ള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതായി അറിയിച്ചത്.

അതേസമയം ധോണി ടീമില്‍ തുടരുമെന്നും പുതിയ നായകനെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും ബി സി സി ഐ അറിയിച്ചു. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പ് കിരീടങ്ങള്‍ നേടിത്തന്ന മഹേന്ദ്രസിങ് ധോണി 2014 ഡിസംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിനിടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ആരാധകരെ ഞെട്ടിച്ചിരുന്നു. നിലവില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍.

2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ഫൈനലിലെ താരം കൂടിയായിരുന്നു നായകനായിരുന്ന ധോണി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തുത്തൂവാരി ധോണി 40 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതിയിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിത്തന്ന നായകന്‍ കൂടിയാണ് ധോണി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ധോണി ഇന്ത്യയെ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചിരുന്നു. 2007ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി 20 ക്രിക്കറ്റിലും, 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ കിരീടം നേടിയത് ധോണിക്ക് കീഴിലായിരുന്നു.

199 ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ധോണി 110 മത്സരങ്ങളില്‍ വിജയത്തിലെത്തിച്ചു. 74 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞു. 72 ട്വന്റി 20 മത്സരങ്ങളില്‍ 41 എണ്ണത്തില്‍ വിജയം നേടിത്തന്നു. 28 മത്സരങ്ങളില്‍ തോറ്റു. ഏകദിന ക്രിക്കറ്റില്‍ ക്യാപ്റ്റനായി 54 റണ്‍സ് ശരാശരിയില്‍ 6,633 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ട്വന്റി 20യില്‍ നായകനായി 122.60 സ്‌ട്രൈക്ക് റൈറ്റില്‍ 1112 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്.

Comments