സന്തോഷ് ട്രോഫി ; കര്‍ണാടകയെ സമനിലയില്‍ തളച്ച് കേരളം ഫൈനല്‍ റൗണ്ടില്‍

Monday, January 09 2017
img

കോഴിക്കോട് (www.asiavisionnews.com): സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. അവസാന യോഗ്യത മത്സരത്തില്‍ കര്‍ണാടകയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. കേരളത്തിന് ഫൈനല്‍ റൗണ്ടിലെത്താന്‍ ഒരു സമനില മാത്രം മതിയായിരുന്നു.

ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ മുന്നേറ്റ നിരയ്ക്ക് ഗോളവസരങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. മത്സരത്തിന്റെ രണ്ടാം പകുതി കേരളം സമനിലയ്ക്ക് വേണ്ടിയാണ് ശ്രമിച്ചത്. അതെസമയം മറ്റൊരു മത്സരത്തില്‍ പുതുച്ചേരി ആന്ധ്ര പ്രദേശിനോടും സമനില വഴങ്ങി.

ഇതുവരെ കേരളം നേരിട്ടത്തില്‍ ഏറ്റവും കരുത്തരായിരുന്നു കര്‍ണാടക. അതിനാല്‍ തന്നെ മത്സരം കേരളത്തിന് കടുത്തതായിരുന്നു. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായി ആന്ധ്രാപ്രദേശിനോടു പരാജയപ്പെട്ടതിനാല്‍ ഫൈനല്‍ റൗണ്ടിലെത്താന്‍ കര്‍ണാടകയ്ക്ക് വിജയം അനിവാര്യമായിരുന്നു.

എന്നാല്‍ മത്സരത്തിന്റെ 27ാം മിനിറ്റില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് കര്‍ണാടക താരം അരുണ്‍ മത്സരത്തില്‍ നിന്നും പുറത്തായി. ഇതോടെ 10 പേരായി ചുരുങ്ങി കര്‍ണാടകയ്ക്ക് മുന്നില്‍ കേരളം പ്രതിരോധപൂട്ടൊരുക്കുകയായിരുന്നു.

നേരത്തെ ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ ആന്ധ്ര പ്രദേശിനെയും പുതുച്ചേരിയേയും കേരളം തോല്‍പിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. നാളെ ഗ്രൂപ്പ് ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ തമിഴ്നാട് സര്‍വീസസിനെ നേരിടും.

Comments