Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

നിര്‍ണായക സമയത്ത് അമേരിക്ക കൈവിട്ടു: ഇസ്രായേലിന് തിരിച്ചടി നൽകി പലസ്തീന്‍ അനുകൂല പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി

Saturday, December 24 2016
img

യുഎന്‍ (www.asiavisionnews.com): ഐക്യരാഷ്ട്ര സഭയിലെ രക്ഷാസമിതിയില്‍ ഇസ്രായേലിനെ അമേരിക്ക കൈവിട്ടതോടെ പലസ്തീന്‍ അനുകൂല പ്രമേയം പാസായി. പലസ്തീന്‍ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജൂത പ്രദേശമാക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെയാണ് 15 അംഗ രക്ഷാകഔണ്‍സില്‍ പ്രമേയം പാസാക്കിയത്.

14 രാജ്യങ്ങളും ഇസ്രായേലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി വോട്ട് ചെയ്തപ്പോള്‍ അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കാതെ നിഷ്പക്ഷമായി ഒഴിഞ്ഞു നിന്നു. ഇസ്രായേലിന്റെ പലസ്തീനിലെ അനധികൃത കെട്ടിട നിര്‍മ്മാണം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭം ആവശ്യപ്പെട്ടു. യുഎസ് രക്ഷക്കെത്തുമെന്ന ഇസ്രായേലിന്റെ പ്രതീക്ഷ രക്ഷാ കൗണ്‍സിലില്‍ തകിടം മറിഞ്ഞു.

കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യാപക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മറ്റ് ലോകരാജ്യങ്ങളെന്നത് പോലെ ബരാക് ഒബാമ സര്‍ക്കാരും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ നാളുകള്‍ നീണ്ട സഖ്യ ബന്ധത്തില്‍ ഇസ്രായേലിനെ പൊതിഞ്ഞു പിടിക്കുന്ന സമീപനമാണ് അമേരിക്ക സ്വീകരിച്ചു പോന്നത്.

എന്നാല്‍ ഇസ്രായേലിനെതിരായ പ്രമേയം രക്ഷാകൗണ്‍സിലില്‍ അവതരിപ്പിക്കപ്പെടാതിരിക്കാന്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഇസ്രായേലിന്റേയും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റേയും ഭാഗത്ത് നിന്നുണ്ടായിരുന്നു. ആദ്യം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനിരുന്ന ഈജിപ്തിനെ സമ്മര്‍ദ്ദത്തിലൂടെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഡൊണാള്‍ഡ് ട്രംപിനും കഴിഞ്ഞു.

ഈജിപ്ത് പിന്‍മാറിയതോടെ ഇസ്രായേലിന്റെ അനധികൃത കെട്ടിടനിര്‍മ്മാണത്തിനെതിരായ പ്രമേയം ഉപേക്ഷിക്കില്ലെന്ന് അറിയിച്ച് ന്യൂസിലാന്‍ഡും മലേഷ്യയും വെനിസ്വലയും സെനഗളും രംഗത്തുവന്നു.

15അംഗ കൗണ്‍സിലില്‍ യുഎസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്. എന്നാല്‍ സ്ഥാനമൊഴിയുന്ന ഒബാമ ഭരണകൂടം പ്രമേയത്തില്‍ വീറ്റോ അധികാരം പ്രയോഗിക്കാതെ ഒഴിഞ്ഞുനിന്നു. മറ്റ് 14 രാജ്യങ്ങളും ഐകകണ്ഠമായി പ്രമേയത്തെ പിന്തുണച്ചതോടെ രക്ഷാകൗണ്‍സിലില്‍ ഇസ്രായേല്‍ തിരിച്ചടി അറിഞ്ഞു.

രക്ഷാകൗണ്‍സിലിന്റെ പ്രമേയം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. മേഖലയില്‍ സമാധാനം പുലരണമെന്ന രാജ്യാന്തര സമൂഹത്തിന്റെ ആഗ്രഹമാണ് പ്രമേയം പാസായതിന് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1967ല്‍ ആറ് ദിവസം നീണ്ട യുദ്ധത്തിലാണ് ഇസ്രായേലും അറബ് സഖ്യശക്തികളും ചേര്‍ന്ന് പ്രദേശം പിടിച്ചെടുത്തത്. അധിനിവേഷത്തിന് പിന്നാലെ ജൂതകേന്ദ്രങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും അഞ്ചുലക്ഷം ജൂതന്‍മാരെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്ത ഇസ്രായേല്‍ നടപടി നിയമവിരുദ്ധമെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇസ്രായേല്‍ നയത്തിന് കിട്ടിയ കനത്ത പ്രഹരമാണ് നടപടിയെന്ന് പാലസ്തീന്‍ പ്രതികരിച്ചു. എന്നാല്‍ നിര്‍മ്മാണവും കുടിയേറ്റവും നിര്‍ത്താനുള്ള പ്രമേയത്തെ അംഗീകരിക്കില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നിലപാട്.

Comments

haberler antalya haberleri Elektronik Sigara ko cuce