ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോക നേതാക്കളില്‍ നരേന്ദ്ര മോദിയും

Tuesday, January 03 2017
img

ഇസ്തംബുള്‍ (www.asiavisionnews.com): പുതുവര്‍ഷദിനത്തില്‍ തുര്‍ക്കിയിലെ നിശാക്ലബ്ബില്‍ നടന്ന ഭീകരാക്രമണത്തിനു മുന്നോടിയായി ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ പുറത്തുവിട്ട വിഡിയോയില്‍ തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പരാമര്‍ശം.

മുസ്‌ലിം വിഭാഗക്കാരുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന നേതാക്കളെക്കുറിച്ചു പരാമര്‍ശിക്കുമ്പോഴാണു മോദിയുടെ പേരും പരാമര്‍ശിച്ചിരിക്കുന്നത്.

‘ദ് ക്രോസ് ഷീല്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന വിഡിയോ 19 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ളതാണ്. ടര്‍ക്കിഷ്, അറബിക് ഭാഷകള്‍ ഉപയോഗിച്ചിരിക്കുന്ന വീഡിയോയില്‍ തുര്‍ക്കിക്കാരായ രണ്ട് സൈനികരെ സിറിയയില്‍ ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളുമുണ്ട്. സിറിയയിലെ യുദ്ധത്തില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ പങ്കിനെ എടുത്തുപറഞ്ഞു വിമര്‍ശിക്കുന്ന വീഡിയോ ദൃശ്യത്തില്‍, തുര്‍ക്കിയില്‍ സര്‍വനാശം വിതയ്ക്കുമെന്ന ഭീഷണിയുമുണ്ട്.

അഫ്ഗാനിസ്ഥാനിലെ പരിതാപകരമായ അവസ്ഥയേക്കുറിച്ചും വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്. മുസ്‌ലിം വിഭാഗക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോക നേതാക്കളെന്ന് ഐഎസ് വിശേഷിപ്പിക്കുന്നവര്‍ തുര്‍ക്കി പ്രസിഡന്റിനും മറ്റു നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ഫ്രാന്‍സിസ് മാര്‍പാപ്പ, മുന്‍ മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍ സെയിന്‍, ഇസ്രയേല്‍ നേതാക്കള്‍, പുരോഹിതര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ട്.

തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗനൊപ്പം നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് വിഡിയോയിലുള്ളത്. 2015 നവംബറില്‍ ജി 20 ഉച്ചകോടിക്കായി തുര്‍ക്കിയിലെത്തിയ അവസരത്തില്‍ എടുത്ത ചിത്രമാണിത്.

Comments